വണ്ടി വൈകിയോടുന്നതറിയാന്‍; “ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്”

പി. അബ്ദുല്‍ ലത്തീഫ്

വടകര: ട്രെയിന്‍ വൈകിയോടുന്നതറിയാതെ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കിതച്ചെത്തി മണിക്കൂറുകള്‍ പാഴാക്കേണ്ടി വരുന്ന അനുഭവം എന്താണെന്നറിയാത്തവരാണ് ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍. ട്രെയിന്‍ ഒരു മിനുട്ട് വൈകിയാല്‍ ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപ്‌ഡേറ്റുകള്‍ വരും. കാഞ്ഞങ്ങാട് മുതല്‍ ഷോര്‍ണൂര്‍ വരെയുള്ള ഏത് ട്രെയിനുകളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നൊടിയിട കൊണ്ട് ഗ്രൂപ്പില്‍ നിന്ന് മറുപടി ലഭിക്കും. ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ട്രെയിന്‍ പിടിച്ചിട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങളുമൊക്കെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിക്കും.
2013 ല്‍ വടകര സ്വദേശി പി.കെ.സി ഫൈസല്‍ ആണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. സ്ഥിരം യാത്രക്കാരനായതിനാല്‍ പലരും ട്രെയിന്‍ സമയം ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ട്രെയിന്‍ ടൈമിനെ കുറിച്ച് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പെന്ന ആശയം സ്ഥിരമായി ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കളുമായി പങ്കു വെച്ചപ്പോള്‍ വലിയ പിന്തുണയാണ് ഫൈസലിന് ലഭിച്ചത്. 30 അംഗങ്ങളായിരുന്നു തുടക്കത്തില്‍ ഗ്രൂപ്പില്‍ മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിവസവും കോഴിക്കോട്ട് പോയി വരുന്നവരായിരുന്നു മെമ്പര്‍മാര്‍. പിന്നീട് അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.

പി.കെ.സി ഫൈസല്‍

ഇപ്പോള്‍ 11 ഗ്രൂപ്പുകളിലായി 2600 ലേറെ മെമ്പര്‍മാര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പുകളിലായി ഉണ്ട്. ഫൈസല്‍ ചെള്ളത്ത്, മുഹമ്മദ് ലുഖ്മാന്‍ സി.എച്ച് എന്നിവരാണ് മറ്റു അഡ്മിനുകള്‍. 11 ഗ്രൂപ്പുകളില്‍ ഒന്ന് ലേഡീസ് ഓണ്‍ലി ഗ്രൂപ്പാണ്. സ്ത്രീകളുടെ സ്വകാര്യത മാനിച്ചാണ് സ്ത്രീകള്‍ക്കായി പ്രത്യേക ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം മറ്റ് ഗ്രൂപ്പുകളിലും സ്ത്രീകള്‍ അംഗങ്ങളായുണ്ട്.
ട്രെയിന്‍ ടൈം ഗ്രൂപ്പിലെ സജീവ അംഗങ്ങള്‍ സ്ഥിര യാത്രക്കാരാണെങ്കിലും അല്ലാത്ത മെമ്പര്‍മാര്‍ക്കും വലിയ സഹായമാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പിലുണ്ട്. വിലപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെടെ ട്രെയിനില്‍ മറന്നു വെച്ച സാധനങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിക്കുന്നതിനും ട്രെയിന്‍ ടൈം ഗ്രൂപ്പ് വഴി സാധിച്ചിട്ടുണ്ട്. സ്ഥിര യാത്രക്കാരുടെ ഗ്രൂപ്പ് ആയതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാ ട്രെയിനുകളിലുമുണ്ടാകും. മറന്നു വെച്ച സാധനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാല്‍ ആ ട്രെയിനിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ അവ വീണ്ടെടുക്കുന്നു. കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണ മാല അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത് കണ്ണൂരില്‍ വെച്ച് ഗ്രൂപ്പ് അംഗത്തിന് ലഭിച്ചിരുന്നു. ഇതുവരെ 36 ഓളം വസ്തുക്കള്‍ ഗ്രൂപ്പില്‍ വിവരം നല്‍കിയ പ്രകാരം കണ്ടെത്തി ഉടമകളെ ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം(എം.ടി.പി.എഫ്) എന്ന പേരില്‍ സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കായി എം.ടി.പി.എഫ് ശബ്ദമുയര്‍ത്തുന്നു.

SHARE