ട്രെയിന്‍ യാത്രാ നിരക്ക് കുത്തനെ കൂട്ടി; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പുതുവര്‍ഷ രാവില്‍ ഇരുട്ടടിയായി ട്രെയിന്‍ യാത്രാ നിരക്കുകള്‍ കൂട്ടി. കിലോ മീറ്ററിന് ഒരു പൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് നിലവില്‍ വന്നു. ഓര്‍ഡിനറി നോണ്‍ എ.സി യാത്രക്കാര്‍ക്ക് നിലവിലെ നിരക്കില്‍ നിന്ന് ഒരു കിലോമീറ്റിന് ഒരു പൈസയുണ് കൂട്ടിയത്. എ.സി ടിക്കറ്റ് നിരക്ക് കിലോ മീറ്ററിന് നാല് പൈസ വര്‍ധിപ്പിച്ചു. എക്‌സ്പ്രസ് നോണ്‍ എ.സി ടിക്കറ്റിന് കിലോമീറ്ററിന് രണ്ട് പൈസ കൂട്ടി. സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല.

പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരില്ല. ജി.എസ്.ടി നിരക്കുകള്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് തുടരും. തിരുവനന്തപുരം നിസാമുദീന്‍ രാജധാനിക്ക് 114 രൂപ വരെ കൂടും. ചരക്കു നിരക്ക് കൂട്ടിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് റയില്‍വേ നേരിടുന്നത്. പെന്‍ഷന്‍ ഇനത്തിലാണ് വന്‍ ബാധ്യത. ഒക്ടോബറില്‍ റയില്‍വേയുടെ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായി. കേന്ദ്ര ധനമന്ത്രാലയത്തോട് 50000 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

SHARE