അനൗണ്‍സ് ചെയ്യാതെ ട്രെയിന്‍ പുറപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങല വലിച്ച് യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: അറിയിപ്പ് നല്‍കാതെ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് പുറപ്പെട്ടെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാര്‍ ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അല്‍പ്പസമയം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടേണ്ടിയും വന്നു. ട്രെയിന്‍ പുറപ്പെടുന്ന വിവരം അനൗണ്‍സ് ചെയ്തിരുന്നുവെന്നും കുറച്ചു യാത്രക്കാര്‍ കേള്‍ക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. എറണാകുളം കായംകുളം പാസഞ്ചറും ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസും വൈകീട്ട് ഏകദേശം ഒരേ സമയത്താണ് എറണാകുളം സൗത്തില്‍ നിന്ന് പുറപ്പെടാറുളളത്. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന യാത്രക്കാര്‍ ആദ്യം പുറപ്പെടുന്ന ട്രെയിനില്‍ കയറുകയാണ് പതിവ്. എന്‍ജിന്‍ തകരാര്‍ മൂലം ഇന്നലെ അഞ്ചാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന പാസഞ്ചര്‍ പുറപ്പെടാന്‍ വൈകി.

ഇതിനിടെ, ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് 6.33ന് ആലപ്പുഴയിലേക്ക് പുറപ്പെടുകയും ചെയ്തു. ഈ ട്രെയിനില്‍ കയറാന്‍ കഴിയാതിരുന്നവര്‍ അനൗണ്‍സ് ചെയ്യാതെ ധന്‍ബാദ് എക്‌സ്പ്രസ് പുറപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് കായംകുളം പാസഞ്ചര്‍ പുറപ്പെട്ടത്.

SHARE