ട്രെയിന്‍ കോച്ചുകള്‍ കാലപ്പഴക്കം ചെന്നവ; യാത്രക്കാര്‍ ഏതു നിമിഷവും അപകടത്തില്‍പെടാം

സ്വന്തം ലേഖിക

തിരുവനന്തപുരം: യാത്രക്കാരന് ശുഭയാത്ര നേരുന്ന ഇന്ത്യന്‍ റെയില്‍വേ, സംസ്ഥാനത്ത് ഓടിക്കുന്ന മിക്ക ട്രെയിനുകളിലും കാലപ്പഴക്കം ചെന്ന കോച്ചുകള്‍. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളിലിടക്കമുള്ള മിക്ക ബോഗികള്‍ക്കും 25 വര്‍ഷത്തിനടത്ത് പഴക്കമുണ്ട്. രാജ്യത്തെ മറ്റു റെയില്‍വേ ഡിവിഷനുകളില്‍ അത്യാധുനിക കോച്ചുകള്‍ എത്തുമ്പോഴാണ് കേരളത്തിന് മാത്രം ഈ ദുര്‍ഗതി. ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം കോച്ചുകളുടെ കാലപ്പഴക്കമാണെന്ന് റെയില്‍വേ സുരക്ഷാവിഭാഗവും വിലയിരുത്തിയിരുന്നു. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെന്നതിന്റെ അവസാന ഉദാഹരണമാണ് ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്‌സ്പ്രസിന്റെ കോച്ചിന്റെ അടിയില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവം. അടുത്തിടെ ആലപ്പുഴയില്‍ ബോഗി ചക്രങ്ങളില്‍ നിന്ന് വേര്‍പെട്ട സാഹചര്യമുണ്ടായിരുന്നു.

1800 ഓളം കോച്ചുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിലുള്ളത്. എന്നാല്‍ ഇതില്‍ പകുതിയും കാലപ്പഴക്കം ചെന്നവയാണെന്ന് റെയില്‍വേ തന്നെ സമ്മതിക്കുന്നുണ്ട്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകള്‍ തീരേ പഴകിയവയാണെന്നാണ് റെയില്‍വേ ബോര്‍ഡ് (വര്‍ക്‌സ്)അഡീഷണല്‍ മെമ്പര്‍ അജിത് പണ്ഡിറ്റ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ ബോര്‍ഡ് മീറ്റിംഗില്‍ അറിയിച്ചത്. ബോഗികളുടെ എണ്ണക്കുറവും കാലപ്പഴക്കവും തിരുവനന്തപുരം ഡിവിഷന് കീഴിലെ ട്രെയിന്‍ ഗതാഗതത്തെയും ബാധിക്കുന്നുണ്ട്.

കോച്ചുകള്‍ സമയബന്ധിത പരിശോധനയ്ക്ക് അയക്കുമ്പോള്‍ ആനുപാതികമായി കോച്ചുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കാരിയേജ് വര്‍ക്ക് ഷോപ്പ് കേരളത്തിലില്ല. അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലുമാണുള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി ഇവിടേക്ക് കൊണ്ടുപോകുന്ന കേരളത്തിലെ ട്രെയിനുകളില്‍നിന്നുള്ള നല്ല കോച്ചുകള്‍ അഴിച്ചെടുക്കുകയും പഴയത് കയറ്റിവിടുകയുമാണ് ചെയ്യുന്നത്. ഇതും കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണ്.
പരമാവധി 25 വര്‍ഷമാണ് കോച്ചുകളുടെ കാലാവധി. ഈ ഡിവിഷനു കീഴില്‍ 200ലധികം കോച്ചുകള്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ളതുമാണ്. 16നും 20നും ഇടയ്ക്ക് പഴക്കമുള്ള 450ഓളം കോച്ചുകളും 15 വര്‍ഷം വരെ പഴക്കമുള്ള 400ലധികം കോച്ചുകളുമുണ്ട്. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള 350ഓളം കോച്ചുകളുമുണ്ട്. കാലപ്പഴക്കം കൂടിയ കോച്ചുകള്‍ സമയബന്ധിത അറ്റകുറ്റപ്പണികള്‍ക്ക് അയക്കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. ഇതിനു പകരം കോച്ചുകള്‍ തിരിച്ചുകിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. കാലപ്പഴക്കം ചെന്ന കോച്ചുകള്‍ മാറ്റി പുതിയത് നല്‍കണമെന്ന ആവശ്യത്തിന് റെയില്‍വേയുടെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനം ഉണ്ടാകുന്നില്ല.

SHARE