ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഏഴ് ദിവസത്തിനകം അടക്കാത്ത വാഹനങ്ങള്‍ ജനുവരി മുതല്‍ രാജ്യത്തെവിടെയും പിടികൂടും. ഇത്തരം വാഹനങ്ങള്‍ പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ 10 മീറ്റര്‍ പരിധിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിക്കും. പിഴ ഇ-ചലാന്‍ വഴി ഓണ്‍ലൈനില്‍ അടച്ചാലേ തുടര്‍യാത്ര അനുവദിക്കൂ.
ടോള്‍ പ്ലാസകള്‍ കടക്കാനുള്ള ഫാസ്ടാഗിന്റെയും ജിപിഎസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സോഫ്റ്റവെയറായ വാഹന്‍ സാരഥിയുടെ സഹായത്തോടെയാണ് സംവിധാനം നടപ്പാക്കുന്നത്. ഇ-ചലാന്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങളും ‘വാഹന്‍ സാരഥി’യില്‍ വാഹന വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലിയും കേരളത്തില്‍ ഈ മാസം പൂര്‍ത്തിയാക്കും. ഗതാഗത നിയമലംഘനത്തിനുള്ള പിഴ അപ്പോള്‍തന്നെ ഓണ്‍ലൈനില്‍ അടയ്ക്കാം. പരിശോധനയ്ക്കിടെ നേരിട്ടും ഓഫീസോ കോടതിയോ മുഖേനയും അടയ്ക്കുന്ന രീതി ഒഴിവാക്കും.