ആരോഗ്യ സേതു ആപ്പ്; പൗരന്മാരുടെ ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കകളുയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ വിവരങ്ങളില്‍ ചാരപ്പണി ചെയ്യുന്നതിന് സമാനമാണിതെന്നും രാഹുല്‍ ഗാന്ധി കുറപ്പെടുത്തി.

സ്ഥാപനപരമായ മേല്‍നോട്ടമില്ലാതെ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്ത ഒരു ആധുനിക നിരീക്ഷണ സംവിധാനമാണ് ആരോഗ്യ സേതു ആപ്ലിക്കേഷന്‍. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കും. എന്നാല്‍ ആളുകളുടെ സമ്മതമില്ലാതെ പൗരന്മാരെ കണ്ടെത്താവുമെന്നത് ഭീതിപ്പെടുത്തുന്നതാണ്. ഇത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

റെഡ് സോണുകളായി തിരിച്ചറിഞ്ഞ 130 ജില്ലകള്‍ക്കുള്ളിലെ കൊറോണ വൈറസ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യ സെതു ആപ്പ് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് നിര്‍ബന്ധമാക്കി. രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഓഫീസുകളിലും ജോലിക്കെത്തുന്നവരുടെ മൊബൈല്‍ ഫോണുകളില്‍ മെയ് നാല് മുതല്‍ ആരോഗ്യ സേതു ആപ്പ് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഏതെങ്കിലും ജീവനക്കാരുടെ മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഇല്ലെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം കമ്പനി മേധാവിക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ അസദ്ദുദ്ദീന്‍ ഉവൈസിയും ആരോഗ്യ സേതു ആപ്പിനെ കുറിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, കേരള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡാറ്റ ശേഖരണത്തിന് വേണ്ടി സ്പ്രിങ്കളര്‍ എന്ന സ്വകാര്യ കമ്പനിയുമായി കൈകോര്‍ത്തതിനെതിരെ കേരളത്തില്‍ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ സമാന വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത്. ഇതോടെ സ്പ്രിങ്കളര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.