തിരുവനന്തപുരം: പൊലീസില്‍ ഇപ്പോഴും സെന്‍കുമാറിന്റെ സ്വാധീനമുണ്ടെന്ന് സമ്മതിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിയുടെ പശ്ചാതലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുന്‍ ഡി.ജി.പിയെന്ന നിലയില്‍ കേസെടുക്കാന്‍ സെന്‍കുമാര്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തിക്കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കള്ളക്കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസ് നടപടി അസാധാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് നിലപാടിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉള്ളത്. അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ചിലയിടത്ത് പൊലീസിന് ആവേശവും മറ്റു ചിലയിടത്ത് മെല്ലെപ്പോക്കും ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി ശ്രദ്ധയില്‍ പെട്ടെന്നും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടിപി സെന്‍കുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര്‍ കടവില്‍ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ടിപി സെന്‍കുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.
അങ്ങേ അറ്റം വിചിത്രമാണ് പൊലീസ് നടപടിയാണെന്നും കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രസ്‌ക്ലബില്‍ പോലും പിജി സുരേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.