ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിനെ ക്രൂരമായി പരിഹസിച്ച് ടി.പി സെന്‍കുമാര്‍


തിരുവനന്തപുരം: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥിരാജും ബ്ലെസിയുമടങ്ങുന്ന സംഘത്തിന് നേരെ പരിഹാസവുമായി ബിജെപി നേതാവ് ടി പി സെന്‍കുമാര്‍. അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് പൃഥിരാജിന് ഇപ്പോള്‍ മനസിലായിക്കാണും. അനുഭവത്തിലൂടെയുള്ള അറിവിനോളം മറ്റൊന്നും വരില്ല എന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജോര്‍ദാനില്‍ സിഎഎ ഉണ്ടോ? അവിടെ ഏവനും കേറിക്കിടക്കാമോയെന്നും സെന്‍കുമാര്‍ പരിഹസിക്കുന്നു. സിഎഎയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച നടി പാര്‍വ്വതിയ്‌ക്കെതിരേയും സെന്‍കുമാറിന്റെ പരിഹാസമുണ്ട്.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… ‘അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന്……’

അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോര്‍ദാനില്‍ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?

കൂട്ടത്തില്‍ ഒരു ലേഡി CAA നടപ്പാക്കിയാല്‍ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി..??

ഇപ്പോഴും ഭാരതം, സനാതന ധര്‍മം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങള്‍ രക്ഷപ്പെടുന്നു.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന നേരത്തെ സംഘത്തിലുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടിരുന്നു.

SHARE