ടി.പി കേസ് പ്രതികള്‍ക്ക് രാത്രിയില്‍ ജയിലിനു പുറത്തിറങ്ങി കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍: നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘കിണ്ണത്തപ്പം’ നിര്‍മാണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്. മറ്റു തടവുകാരെ വൈകിട്ട് ആറിനു മുന്‍പു സെല്ലില്‍ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാല്‍വര്‍ സംഘത്തിനു സെല്ലിനു പുറത്ത് സൈ്വരവിഹാരത്തിന് അവസരമൊരുക്കുന്നത്.

മൂന്നു മാസം മുന്‍പാണ് തലശേരി കിണ്ണത്തപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാക്കിത്തുടങ്ങിയത്. ഇത് ജയില്‍ ഔട്‌ലെറ്റിലൂടെ വില്‍ക്കാമെന്ന ആശയം അവതരിപ്പിച്ചത് കിര്‍മാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവര്‍ ഏറ്റെടുത്തു. ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികള്‍ക്കിറക്കി വൈകിട്ട് മൂന്നുമണിയോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്വഴക്കം.

മൊബൈല്‍ ഫോണും ലഹരിയും അടക്കമുള്ള സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള മറയാണ് കിണ്ണത്തപ്പം നിര്‍മാണമെന്നു വിവരമുണ്ട്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാര്‍ശകള്‍ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നതായും വിവരമുണ്ട്.