പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള യോഗി സര്‍ക്കാര്‍ ശ്രമത്തിന്റെ ഇരകളായിരുന്നു പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യൂത്ത്ലീഗ് നേതാവ് അഫ്താബ് ആലം ഉള്‍പ്പെടെയുള്ളവര്‍. വെടിവെപ്പ് നടന്നതിന് ശേഷം ഇന്റര്‍നെറ്റ് ഓഫാക്കിയും, നേതാക്കളെ കസ്റ്റഡിയില്‍ എടുത്തും, കണ്ടാലറിയാവുന്നവര്‍ എന്നപേരില്‍ ആയിരങ്ങള്‍ക്കെതിരെ കേസെടുത്തും ജനങ്ങളെ ഭയപ്പെടുത്തി ഒരു വിവരങ്ങളും പരസ്പരം അറിയിക്കാതെ യോഗി സര്‍ക്കാര്‍ യു.പിയെ മൂടിവെച്ചിരിക്കുകയാണെന്ന് ടി.പി അഷ്റഫലി വ്യക്തമാക്കി. മുസ്ലിം ലീഗ് സംഘം കാണ്‍പൂരില്‍ എത്തിയപ്പോഴാണ് അഫ്താബിന്റെ മരണമുള്‍പ്പെടെയുള്ള ഭീകരത പുറത്തറിയുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നിയോജക മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറിയായിരുന്നു അഫ്താബ്.
എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലിയുടെ നേതൃത്വത്തിലുള്ള സംഘം അഫ്താബിന്റെ വീട് സന്ദര്‍ശിച്ചു. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു, സജ്ജാദ് അക്തര്‍ (ബീഹാര്‍), എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ദീന് നദ്വി, മതീന്‍ഖാന്‍, അതീഖ് കാണ്‍പൂര്‍, ശാരിഖ് അന്‍സാരി, ഖുമൈല്‍ , ഇര്ഫാന് തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുള്ളത്.