പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണം 86, 25 പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു.

അമൃത്സര്‍, ബട്ടാല, തന്‍ തരണ്‍ തുടങ്ങി വിവിധ ജില്ലകളിലായാണ് വിഷമദ്യം കഴിച്ച് ആളുകള്‍ മരിച്ചത്. ആദ്യം അമൃത്സറിലെ മുച്ചാല്‍ ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ചയോടെ മരണം 38 ആയി. ശനിയാഴ്ച മരണ സംഖ്യ 48 ആയി ഉയര്‍ന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 86 പേരാണ് മരിച്ചത്.

തന്‍ തരന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 63 പേരാണ് ഇവിടെ മരിച്ചത്. 12 പേര്‍ അമൃത്സറിലും 11 പേര്‍ ബട്ടാലയിലും മരിച്ചു. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്ന കണക്ക് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലായി നൂറോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാറ്റാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു. ഈ റെയ്ഡുകളില്‍ നിന്ന് വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മദ്യ മാഫിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് രാജിവെയ്ക്കണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട അനധികൃത മദ്യ വ്യാപാരമാണ് ഈ ദുരന്തത്തിന് കാരണമായത്. നടന്നത് കൊലപാതകമാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്റ്റീറിയല്‍ അന്വേഷണം പോരാ. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ബാദല്‍ ആവശ്യപ്പെട്ടു.

SHARE