ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍: ടി.എന്‍ പ്രതാപനൊപ്പം കൈ കോര്‍ത്ത് മഞ്ജു വാര്യരും ടൊവീനോയും

കൊച്ചി: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തവുമായി നടി മഞ്ജു വാര്യറും നടന്‍ ടൊവീനോ തോമസും. അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്കാണ് മഞ്ജുവും ടൊവിനോയും സഹായം നല്‍കുക. 10 ടാബ്ലറ്റുകളോ ടിവിയോ നല്‍കാമെന്നാണ് ടൊവിനോ അറിയിച്ചിട്ടുള്ളത്. ടിഎന്‍ പ്രതാപന്‍ എംപിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതിന്റെ പേരില്‍ വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പ്രതാപന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ടീവി, ടാബ്ലെറ്റ്, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എംപി ഓഫീസുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ ടിവികള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ എത്തിച്ചു നല്‍കിയാല്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് താരങ്ങള്‍ സഹായഹസ്തവുമായി എത്തിയത്.