ഇന്ത്യയിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ കൂട്ടമായി വരുന്ന കാലുമുണ്ടാവും: മോദി

ഹരിയാന: രാജ്യത്തെ ഗ്രാമങ്ങളിലെ മനോഹരമായ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ വരുന്ന ഒരു കാലം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്പില്‍ വീടുകളുടെ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. അതുപോലെ ഇന്ത്യയിലും ആളുകളെത്തുമെന്ന് മോദി പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി രാജ്യത്തെ മനോഹരമായ കക്കൂസുകളെ കുറിച്ച് പറഞ്ഞത്. ‘വിവിധ സൗന്ദര്യ മത്സരങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ എന്നെങ്കിലും ‘ടോയ്‌ലറ്റ് മത്സര’ത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അടുത്തിടെയായി ഇത്തരത്തിലൊരു വ്യത്യസ്തമായ മത്സരം നടന്നു ‘സ്വച്ഛ് സുന്ദര്‍ ശൗചാലയ കോണ്‍ടെസ്റ്റ്’ ആളുകള്‍ തങ്ങളുടെ കക്കൂസുകളില്‍ ചിത്രങ്ങളും പ്രാദേശിക കലാരൂപങ്ങളും സ്വച്ഛ്ഭാരത് അഭിയാന്റെ ലോഗോയും വരച്ചത് നമ്മള്‍ കണ്ടു. അതുകൊണ്ട് നമ്മുടെ രാജ്യത്തെ ഗ്രാമങ്ങള്‍ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ ആളുകള്‍ വന്ന് മനോഹരമായി അലങ്കരിച്ച കക്കൂസുകള്‍ കണ്ടുപോകുന്ന കാലമുണ്ടാകും’ മോദി പറഞ്ഞു.

SHARE