അമേരിക്കയില്‍ ഇന്നലെ മാത്രം 2600 റോളം മരണങ്ങള്‍; ലോകത്ത് കോവിഡ് സ്ഥിരീകരണം 21 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതരുടെ എണ്ണം ലോകത്താകെ 21 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 185 രാജ്യങ്ങളിലായി 2,83,304 പേര്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. 134,616 പേര്‍ക്കാണ് കോവിഡിനാല്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയവിരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 510,341 പേരാണ് ഇതുവരെ സുഖംപ്രാപിച്ച് ആസ്പത്രി വിട്ടത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് മൂലം 2,600 മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഇത് മരണക്കണക്കില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. യുഎസിലെ മൊത്തം കൊറോണ വൈറസ് മരണസംഖ്യ 28,000 ത്തില്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം മാത്രം 2,569 പേര്‍ക്കാണ് യുഎസില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ യുഎസില്‍ രോഗം സ്ഥിരീകരിച്ച 637,359 പേരില്‍ മൊത്തം മരണങ്ങളുടെ എണ്ണം 28,326 ആയി ഉയര്‍ന്നു. ഇത് മറ്റേത് രാജ്യത്തേക്കാളും ഉയര്‍ച്ചയിലാണ്.

ഇറ്റലിയില്‍ മരണം 21,600 കവിഞ്ഞു. രോഗികള്‍ 165,155 ആയി. സ്‌പെയ്‌നില്‍ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വര്‍ധിച്ചു. ഫ്രാന്‍സിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേര്‍ മരിച്ചു. ആകെ ആള്‍നാശം 17,167 ആയി. ബ്രിട്ടണില്‍ മരണസംഖ്യ 13,000ത്തോളമായി. ജര്‍മനിയില്‍ 134,753 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 3804 പേര്‍ മരിച്ചു. ഇറാനിലും ബെല്‍ജിയത്തിലും മരണം അയ്യായിരത്തോടടുക്കുന്നു. നെതര്‍ലാന്‍ഡില്‍ മരണസംഖ്യ മൂവായിരവും കാനഡയില്‍ ആയിരവും കടന്നു.

അതേസമയം, ഇന്ത്യയില്‍ 11,933 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ അണുബാധകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായയും ആകെ മരണം 392 കടന്നതായുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നിരുന്നാലും, സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഏപ്രില്‍ 20 ന് ശേഷം ചില ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലെ 170 ജില്ലകള്‍ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളാണെന്നും എന്നാല്‍ 207 ജില്ലകള്‍ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളാവാന്‍ സാധ്യതയുള്ള മേഖലായാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.