ഭക്ഷണവും വെള്ളവുമില്ലാത്ത പലായനം; ലോക്ക്ഡൗണില്‍ മരിച്ചത് 667 പേര്‍; ഷ്രാമിക് ട്രെയിനുകളില്‍ മാത്രം മരിച്ചത് 80 ഓളം പേര്‍

Chicku Irshad

ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുപോയ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ വലിയ വാര്‍ത്തയായതോടെയാണ് കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിനെ കുറിച്ച് ചോദ്യമുയര്‍ന്നത്. മെയ് 9 നും മെയ് 27 നും ഇടയില്‍ എണ്‍പതോളം പേര്‍ ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകളില്‍ മരിച്ചതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് കഴിഞ്ഞ ദിവസമാണ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ട്രെയിനുകളിലായി ഇതുവരെ മരിച്ച 80 പേരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് പതിനൊന്ന് പേര്‍ രോഗാവസ്ഥയിലാണ് മരിച്ചത്. മെയ് 23 ന് പത്ത് പേര്‍, മെയ് 24, 25 തീയ്യതികളില്‍ ഒമ്പത് വീതം ആളുകള്‍, മെയ് 27 ന് എട്ട്, മെയ് 26 ന് 13 പേര്‍ എന്നിങ്ങനെയാണ് മരണം. മെയ് 28 വരെ 3,840 ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകളിലായി 52 ലക്ഷം ആളുകള്‍ യാത്ര ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന് ശേഷം കുടിയേറ്റ തൊഴിലാളികള്‍ക്കായി ആരംഭിച്ച സ്പെഷ്യല്‍ ട്രെയിനുകളിലും ഏകദേശം 80 ശതമാനവും ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമാണ് സര്‍വീസ് നടത്തിയത്.

മരിച്ചവരില്‍ പലരും ഗുരുതര രോഗങ്ങളുള്ളവരും ചികിത്സയില്‍ തുടരുന്നവരാണെന്നും ഇത്തരത്തില്‍ മറ്റ് രോഗങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും റെയില്‍വേ നിര്‍ദേശം നല്‍കി.

എന്നാല്‍, യാത്രക്കിടയിലെ ആള്‍ക്കൂട്ട തിരക്കും ഭക്ഷണക്കുറവും ചൂട് കൂടിയ കാലാവസ്ഥയുമാണ് തൊഴിലാളികളുടെ ജീവന്‍ നഷ്ടമാകുന്നതിന് പ്രധാന കാരണമെന്നാണ് മറ്റു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജ്യം പൂര്‍ണ്ണമായി അടച്ചുപൂട്ടിയതോടെ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ പലപ്പോഴും കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാഹനത്തിലും കാല്‍നടയായും സ്വന്തം നാട്ടില്‍ എത്താന്‍ വളരെ ദൂരം നടക്കാന്‍ നിര്‍ബന്ധിതരായ നിരവധി പേര്‍ ഇതിനകം വഴിയില്‍ മരിച്ചുവീണു. ഇതിന്റെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.

മാര്‍ച്ച് 25 ന് പ്രധാനമന്ത്രി മോദി രാജ്യവ്യാപകമായി കൊറോണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ നഗരങ്ങളിലെ നിരവധി പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ജോലികളാണ് നഷ്ടപ്പെട്ടത്. ഇതോടെ പലരും കഠിനമായ പലായനത്തിന് തയ്യാറാവുകയായിരുന്നു. റോഡുകളിലും മറ്റു അപകടങ്ങളിലുമായി ഇതുവരെ ഇരുന്നൂറിലേറെ തൊഴിലാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റക്കാരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ മെയ് ഒന്നിനാണ് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കാന്‍ കേന്ദ്രം തയ്യാറായത്. അതേസമയം മെയ് ആദ്യവാരത്തെ മരണ നിരക്കും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

ലോക്ക്ഡൗണ്‍ ദുരിതത്തെ സംബന്ധിച്ച് ഗവേഷണം നടത്തിയ തേജേഷ് ജി.എന്‍, കനിക ശര്‍മ്മ, അമാന്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം, ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് ഇതുവരെ 667 ആളുകള്‍ വൈറസ് ബാധയിലെല്ലാതെ മരണമടഞ്ഞിട്ടുണ്ട്. ഇവരില്‍ 205 പേര്‍ വീടുകളിലേക്കുള്ള പലായനത്തിനിടെ അപകടങ്ങളില്‍പെട്ടാണ് മരിച്ചത്. കണക്കുകളില്‍ അപകടങ്ങള്‍ കഴിഞ്ഞാല്‍പിന്നെ കൂടുതല്‍ പേര്‍ മരിച്ചത് അടച്ചുപൂട്ടല്‍മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടിനാലും മാനസിക പിരിമുറുക്കത്താലുമാണ്.

രാജ്യത്ത് ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമായിരുന്നു കേന്ദ്രം നോട്ടീസ് നല്‍കിയത്. ഇതിലൂടെ പൊതുഗതാഗതം ഒരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തില്‍ ഇതിനകം ഇന്ത്യയുടെ മൊത്തം കേസുകളുടെ എണ്ണം 1.73 ലക്ഷം കവിഞ്ഞു. ഇതുവരെ 4,900 ത്തിലധികം കോലിഡ് മരണങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.