ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു


മുസഫര്‍നഗര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നു. മുസഫര്‍ നഗറില്‍ 14 കാരിയായ ദലിത് പെണ്‍കുട്ടിയെ ഏഴംഗ സംഘം കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടു കൊന്നു. മുസഫര്‍നഗറിലെ ഒരു ഇഷ്ടിക കമ്പനിയുടെ താല്‍ക്കാലിക ഷെഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഇഷ്ടിക കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇഷ്ടിക ഫാക്ടറിയുടെ ഉടമയടക്കം ഏഴു പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊള്ളലേറ്റതും ശ്വാസം മുട്ടിയുമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരുന്ന് വാങ്ങാനായി ഗ്രാമത്തില്‍ നിന്നും പോയ സമയത്താണ് കുട്ടിയെ കാണാതായത്. പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായി ഇവരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി ആദ്യം കുടുംബം സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ വസ്ത്രവും, ചെരിപ്പും മറ്റൊരിടത്ത് കണ്ടെത്തിയതോടെ ഇഷ്ടിക കമ്പനി ഉടമയടക്കം ഏഴു പേര്‍ക്കെതിരെ ഇവര്‍ കൂട്ട ബലാത്സംഗത്തിനടക്കം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ദേശീയ പട്ടികജാതി കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

SHARE