ഭീകരര്‍ക്കൊപ്പം പിടിയിലായത് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ. രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍-ലഷ്‌കറി ത്വയ്ബ ഭീകരര്‍ക്കൊപ്പമാണ് ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിനായി പൊവുന്ന വഴയില്‍വെച്ചാണ് ഇവര്‍ പിടിയിലായതെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും കണ്ടെടുത്തായും പോലീസ് പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീന്‍ ബാബുവും റഫി അഹ്മദിനുമൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നവീദ് ബാബു പിടികൂടിയതിലൂടെ മുപ്പതോളം തീവ്രവാദികളെ കീഴടക്കാനാവുമെന്നാണ് പൊലീസ് കരുതുന്നത്. കശ്മീര്‍ താഴ്‌വരയില്‍ 12ലധികം പോലീസുകാരെ കൊന്നതിനും ഇയാള്‍ ഉത്തരവാദിയാണെന്നും പൊലീസ് പറയുന്നു. അതേസമയം തീവ്രവാദികള്‍ക്കൊപ്പം മുതിര്‍ന്ന പോലീസുകാരനും ഉള്‍പ്പെട്ടത് പൊലീസിന്റെ വേട്ടയെ സങ്കീര്‍ണമാക്കുന്നുണ്ട്. ഐ 10 കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു തീവ്രവാദികളെ പിടികൂടിയതെന്നാണ് കശ്മീര്‍ സുരക്ഷാ ഗ്രിഡിലെ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരരെ തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എ.കെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയില്‍ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡല്‍ സ്വീകരിച്ചത്.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്. മാത്രമല്ല ഇയാള്‍ കശ്മീരിലെ ഭീകരവിരുദ്ധ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു. ദേവേന്ദ്ര സിങ്ങിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. പിടിയിലാവുമ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികള്‍.