രാജ്യത്ത് കോവിഡ് സാമൂഹ്യ വാപനമുണ്ടായി; കേന്ദ്രത്തിനെതിരെ ആരോഗ്യ വിദഗ്ദ്ധര്‍- മഹാമാരിയെ നേരിടാന്‍ 11 മാര്‍നിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് മഹാമാരിയുടെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ വിദഗ്ദ്ധര്‍. രാജ്യത്ത് സമൂഹവ്യാപനം ഗുരുതരമായ രീതിയില്‍ സംഭവിച്ചുണ്ടെന്ന് പകര്‍ച്ച വ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോ. ഒഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോ. ഒഫ് എപ്പിഡെമിറ്റോളജിസ്റ്റ് എന്നീ സംഘടനകളാണ് പ്രസ്താവനയിറക്കിയത്.

പകര്‍ച്ച വ്യാധി വിദഗദ്ധരെയല്ല, ഉദ്യോഗസ്ഥരെയാണ് കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ആശ്രയിച്ചതെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി. കോവിഡിനെ നേരിടാന്‍ പതിനൊന്നിന മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രോഗവ്യാപനത്തെക്കുറിച്ച് പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം എടുക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെ. രാജ്യത്തെ പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മാതൃകയുടെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രവര്‍ത്തന പരിചയമില്ലാത്ത ചില വിദഗ്ദ്ധര്‍ നല്‍കിയ ഉപദേശങ്ങളാണ് തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വ്യക്തവും കൃത്യവുമായ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്- അവര്‍ കുറ്റപ്പെടുത്തി.

ഗുരുതരമല്ലാത്ത രോഗികളുടെ ചികിത്സ വീട്ടിലാക്കുകയായിരുന്നു വേണ്ടത്. ഒന്നാം ഘട്ട ലോക്ക്ഡൗണില്‍ തന്നെ കുടിയേറ്റ തൊഴിലാളികളെ വീട്ടിലേക്ക് വിടേണ്ടതായിരുന്നു. പക്ഷേ, രോഗവ്യാപനം കൂടിയപ്പോഴായിരുന്നു കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്. ഇത് ഗ്രാമീണ മേഖലകളിലെ രോഗവ്യാപനത്തിന് കാരണമാകും. ജില്ലാ അടിസ്ഥാനത്തില്‍ രോഗവ്യാപനം നിയന്ത്രിക്കേണ്ടതുണ്ട്. രോഗവ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെത്തി കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി പൊതു ലോക്ക്ഡൗണ്‍ ഒഴിവാക്കണം- അവര്‍ പറഞ്ഞു.

ഡല്‍ഹി എയിംസിലെ കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ശശി കാന്ത്, ബനാറസ് ഹിന്ദുവാഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ഡോ. ഡി.സി.എസ് റെഡ്ഢി തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

SHARE