ഹൈദരബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി ഋഷഭ് പന്തിന് അപൂര്‍വ്വ റെക്കോര്‍ഡ്

ഐ.പി.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റെങ്കിലും ഡല്‍ഹി നിരയിലെ യുവതാരം ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലെറ്റ്. സഹകളിക്കാര്‍ കളി മറന്നപ്പോള്‍ ഡല്‍ഹിയെ ഒറ്റക്ക് തോളിലേറ്റിയ ഋഷഭ് പന്ത് 63 പന്തില്‍ 128 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ ഋഷഭിനെ തേടി ഒരു റെക്കോര്‍ഡ് എത്തി.

ഐ.പി.എല്‍ ചരിത്രത്തില്‍ തോല്‍ക്കുന്ന ടീമിനായി ഏറ്റവും കൂടുന്ന റണ്‍സ് നേടുന്ന താരമെന്ന നിരാശപ്പെടുത്തുന്ന റെക്കോര്‍ഡാണ് ഋഷഭിന്റെ പേരിലായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന ആന്‍ഡ്രൂ സൈമണ്ട്‌സ്, രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 117 റണ്‍സായിരുന്നു ഇതുവരെയുണ്ടായിരുന്നു റെക്കോര്‍ഡ്. 2014 സീസണില്‍ കൊല്‍ക്കത്ത്‌ക്കെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വൃദ്ധിമാന്‍ സാഹ നേടിയ 115 റണ്‍സും, കഴിഞ്ഞ സീസണില്‍ പഞ്ചാബ് താരം ഹഷീം അംല മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 104 റണ്‍സുമാണ് ഈ പട്ടികയില്‍ തൊട്ടു പിന്നിലുള്ളത്.

15 ഫോറും ഏഴു സിക്‌സറുമടക്കം പറത്തിയ ഋഷഭിന്റെ സെഞ്ച്വറി മികവില്‍ 187/5 എന്ന മികച്ച സ്‌കോര്‍ ഡല്‍ഹി പടുത്തുയര്‍ത്തിയെങ്കിലും മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരബാദ് പുറത്താകതെ നിന്ന ഓപണര്‍ ശിഖര്‍ ധവാന്റെയും(92) നായകന്‍ കെയിന്‍ വില്ല്യംസണിന്റേയും(83) ബാറ്റിങ് കരുത്തില്‍ ഒമ്പതു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.