നാളെ ബാബരി മസ്ജിദ് ദിനം വിധി പുന:പരിശോധിക്കുമെന്ന് പ്രതീക്ഷ: ഹൈദരലി തങ്ങള്‍

കോഴിക്കോട്: ബാബരി മസ്ജിദ് കേസിലെ സുപ്രിം കോടതി വിധിയില്‍ പുന:പരിശോധന വേണമെന്ന ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ബാബരി വിധിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലിംകള്‍ക്കും മതേതര വിശ്വാസികള്‍ക്കുമുണ്ടായ നിരാശയും വേദനയും വളരെ വലുതാണ്. വിധി പുന:പരിശോധിക്കണമെന്ന ആവശ്യം അന്നുമുതലേ ഉയര്‍ന്നിരുന്നു. വിവിധ മുസ്ലിം സംഘടനകളുമായി ന്യൂഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ആശയവിനിമയം നടത്തിയിരുന്നു. വിധി പുന:പരിശോധിക്കണമെന്നു തന്നെയാണ് രാജ്യത്തെ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. മുസ്ലിംലീഗ് ആ വികാരത്തിന്റെ കൂടെയുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് മുന്നോട്ടു വന്നിട്ടുണ്ട്. വിവിധ സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ നിയമ പോരാട്ടങ്ങള്‍ക്ക് മുസ്ലിംലീഗ് എല്ലാ പിന്തുണയും നല്‍കും-ഹൈദരലി തങ്ങള്‍ പറഞ്ഞു.

SHARE