വിരമിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ടോം ജോസിന് വീണ്ടും നിയമനം; ലക്ഷങ്ങളുടെ അധികബാദ്ധ്യത- യുവ ഐ.എ.എസുകാര്‍ക്ക് എതിര്‍പ്പ്

തിരുവനന്തപുരം: വിരമിച്ച് ആഴ്ചകള്‍ക്കകം മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വീണ്ടും സര്‍ക്കാര്‍ സര്‍വീസിലേക്ക്. കേരളമാകെ ഡ്രജിങ് അധികാരമുള്ള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയാണ് ടോം ജോസിന്റെ പുതിയ നിയോഗം. നിയമനവുമായി ബന്ധപ്പെട്ട വ്യവസായ വകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എന്നാണ് സൂചന.

കോഴിക്കോട് കലക്ടറായിരുന്ന എന്‍ പ്രശാന്താണ് കോര്‍പറേഷന്‍ എം.ഡി. എം.ഡിക്ക് മുകളിലാണ് ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള മറ്റൊരു അധികാര കേന്ദ്രം വരുന്നത്. സംസ്ഥാനത്തെ യുവ ഐ.എ.എസുകാര്‍ക്ക് വ്യവസായ വകുപ്പിന്റെ നീക്കത്തില്‍ ശക്തമായ അമര്‍ഷം ഉള്ളതായാണ് റിപ്പോര്‍ട്ട്.

വിവാദങ്ങള്‍ ഒഴിവാക്കാന്‍ ടോം ജോസിന് ശമ്പളമുണ്ടാകില്ല. എന്നാല്‍ കേരളമാകെ അധികാര പരിധി, ഔദ്യോഗിക വാഹനം, പേഴ്‌സണല്‍ സ്റ്റാഫ്, വിവിധ തരം ബത്തകള്‍ എന്നിവയുണ്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന സര്‍ക്കാറിന് ഇതുവഴി ലക്ഷങ്ങളുടെ അധിക ബാദ്ധ്യതയാണ് ഉണ്ടാകുക.

നേരത്തെ, വിരമിക്കലിന് തൊട്ടുമുമ്പ് പമ്പാ ത്രിവേണിയിലെ 1.28 ലക്ഷം ഘനയടി മണലും ചെളിയും നീക്കി കരാറുകാര്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കാനുള്ള നീക്കം പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ തടയിട്ടിരുന്നു. വിരമിക്കലിന്റെ തലേന്ന് ഹെലികോപ്ടറില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കൊപ്പമാണ് ടോം ജോസ് അവിടെ പറന്നിറങ്ങിയിരുന്നത്. സംഭവം വിവാദമായതോടെ വനംവകുപ്പ് ഇടപെടുകയായിരുന്നു.

ഈ നീക്കങ്ങള്‍ വിജയക്കാത്ത ഘട്ടത്തിലാണ്, സംസ്ഥാനത്തുടനീളം മണല്‍ നീക്കങ്ങള്‍ക്ക് സര്‍വ്വാധികാരം കിട്ടുന്ന കസേരയില്‍ ടോം ജോസ് നിയമിതനാകുന്നത്. ഡാമുകളിലെ ആയിരം കോടിയുടെ മണല്‍ റഷ്യന്‍ കമ്പനിക്കും മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റ് യു.എസ് കമ്പനിക്കും നല്‍കാനുള്ള ടോം ജോസിന്റെ ശിപാര്‍ശ നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.

36 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കഴിഞ്ഞ മാസമാണ് ടോം ജോസ് സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നത്. 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

SHARE