മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 15 പേര് മരിച്ചതായണ് റിപ്പോര്‍ട്ട്.
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആകെ 78 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 12 പേര് രക്ഷപ്പെട്ടു. 66 പേരെ കാണാതായിട്ടുണ്ട്. മൂന്ന് കിലോമീറ്റർ പരിധിയിൽ കല്ലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. അഞ്ചുലയങ്ങള്‍ മണ്ണിനടിയില്‍ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അപകടത്തില്‍പ്പെട്ട ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്(46), മയില്‍സ്വാമി(48), കണ്ണന്(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ദുരന്തസ്ഥലത്ത് കൂടുതൽപ്പേർക്കായി രാജമലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 5 ലൈനുകളിലായി എന്പതിലേറെപേര് മണ്ണിനടിയിലായതായാണ് കോളനിനിവാസികള്‍ പറയുന്നത്. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലവിലില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.
രക്ഷപ്പെട്ട 12 പേരില്‍ നാലുപേരെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ മൂന്നാര്‍ ടാറ്റ ഹോസ്പിറ്റലിലും ഒരാള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. ദീപന്(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരാണ് ടാറ്റ ആശുപത്രിയിലുള്ളത്. പളനിയമ്മ(50) കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലാണ്.