സി.എ.എക്കെതിരെ സമരം; ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി ഐ.ഐ.ടി മദ്രാസ്; പ്രതിഷേധം കനക്കുന്നു

മദ്രാസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി മദ്രാസ് ഐ.ഐ.ടി. തിരിച്ചയച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ഫിസിക്‌സ് വകുപ്പിലെ വിദ്യാര്‍ത്ഥിയായ ജേക്കബ് ലിന്‍ഡനോടാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യ വിട്ടു പോകാന്‍ ആവശ്യപ്പെട്ടത്. ട്രിപ്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്നും ഉപരിപഠനത്തിനെത്തിയ ജേക്കബിന് ഒരു സെമസ്റ്റര്‍ ബാക്കി നില്‍ക്കെയാണ് പുറത്താക്കല്‍ നടപടി നേരിട്ടത്.

ഞായറാഴ്ച രാവിലെ രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചതോടെ രാത്രി തന്നെ ജേക്കബ് ജര്‍മനിയിലേക്ക് തിരിച്ചതായി ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥിനി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഡല്‍ഹി പ്രക്ഷോഭത്തിന് പിന്നാലെ 17 നു ഐ.ഐ.ടി ക്യാമ്പസില്‍ ചിന്തബാറെന്ന വിദ്യാര്‍ഥി കൂട്ടായ്മ നടത്തിയ സമരത്തില്‍ ജേക്കബ് പങ്കെടുത്തിരുന്നു. വിവാദ നിയമത്തിനെതിരെ പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കുന്ന ഹിറ്റ്‌ലറിന്റെ നാട്ടാകാരന്‍ കൂടിയായ ജേക്കബിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജര്‍മ്മനിയിലെ നാസി ഭരണകൂടത്തെക്കുറിച്ചുള്ള പരാമര്‍ശിച്ച്, ‘1933 മുതല്‍ 1945 വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു’ എന്ന പോസ്റ്റര്‍ സമരത്തില്‍ ജേക്കബ് പിടിച്ചിരുന്നു. സമരത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നതായാണ് വിവരം.

സംഭവത്തില്‍ ഐഐടി മദ്രാസിലും സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥിയെ മോദി ഭരണംകൂടം നാടുകടത്തിയതായി കാണിക്കുന്ന വാര്‍ത്ത ജര്‍മനി അബാസഡറെ ടാഗ് ചെയ്ത് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപപ്പെടുന്നത്.