ടോക്കിയോ ഒളിമ്പിക്‌സിന്റെ പുതിയ തീയ്യതി പുറത്തുവിട്ടു

ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കും.ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി), ഇന്റര്‍നാഷണല്‍ പാരാലിംമ്പിക് കമ്മിറ്റി (ഐപിസി), ടോക്കിയോ 2020 ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ടോക്കിയോ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റ്, ജപ്പാന്‍ ഗവണ്‍മെന്റ് എന്നിവര്‍ ഒളിമ്പിക്‌സിന്റെ പുതുക്കിയ തിയ്യതി അംഗീകരിച്ചു. പാരാലിംമ്പിക് ഗെയിംസിനായി നിശ്ചയിച്ച പുതിയ തീയതിയും അവര്‍ അംഗീകരിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 5 വരെയായിരിക്കും പാരാലിമ്പിക്‌സ്.
ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്, ടോക്കിയോ 2020 പ്രസിഡന്റ് മോറി യോഷിരോ, ടോക്കിയോ ഗവര്‍ണര്‍ കൊയിക്ക് യൂറിക്കോ, ഒളിമ്പിക്, പാരാലിമ്പിക് മന്ത്രി ഹാഷിമോട്ടോ സെയ്‌കോ എന്നിവര്‍ ചേര്‍ന്ന് ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെയാണ് ഈ സുപ്രധാന തീരുമാനം എടുത്തത്.

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഒളിമ്പിക്‌സിന് പങ്കെടുക്കാനെത്തുന്ന കായികതാരങ്ങളുടെയും മുറ്റു ഉദ്യോഗസ്ഥരുടെയും ആരോഗ്യം സംരക്ഷിക്കുക. അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കുവാനുള്ള താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക. അടുത്ത വര്‍ഷം നടക്കേണ്ട അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് തടസമുണ്ടാവാതെ ഒളിമ്പിക്‌സ് നടത്തുക എന്നീ മൂന്ന് പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
നിലവില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയവര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കുവാന്‍ ഇനിയും യോഗ്യത തെളിയിക്കേണ്ടിവരില്ല.

SHARE