ബാബരി വ്രണത്തില്‍ മുളകുപുരട്ടരുത്

മുസ്‌ലിംകളെന്ന കാരണത്താല്‍ സ്വാതന്ത്ര്യകാലം മുതലുണ്ടായിരുന്ന ജമ്മുകശ്മീര്‍ ജനതയുടെ പ്രത്യേകാവകാശ നിയമത്തെ സംസ്ഥാന പദവിയോടൊപ്പം എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികദിനമാണ് ഇന്ന്, ആഗസറ്റ് 5. രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിന് പത്തുദിവസംമാത്രം ശേഷിക്കവെ, മോദി സര്‍ക്കാരാല്‍ കേന്ദ്രഭരണപ്രദേശമാക്കപ്പെട്ട ജമ്മുകശ്മീരില്‍ മുന്‍മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇപ്പോഴും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തടവറകളില്‍ കഴിയുന്നു. ലോകത്തെ കോടിക്കണക്കിന് മനുഷ്യരുടെമേല്‍ മഹാവ്യാധിയായി പടര്‍ന്നുപിടിച്ച് ഏഴു ലക്ഷത്തോളം പേരെ മരണത്തിലേക്ക് വലിച്ചെടുത്ത കോവിഡ്-19 ഇന്ത്യയിലും നാല്‍പതിനായിരത്തോളം ജീവനുകളെ കവര്‍ന്നെടുത്തുകഴിഞ്ഞിരിക്കുന്നു. കൗതുകകരവും വൈപരീത്യവുമെന്ന് പറയട്ടെ, ഇന്നേദിവസം ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രി വിലപ്പെട്ട മണിക്കൂറുകള്‍ ചെലവിടുക ഉത്തര്‍പ്രദേശിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിലായിരിക്കുമത്രെ. രാജ്യത്തെ 130 കോടിയിലധികംവരുന്ന ജനതതിയുടെ ജീവന്‍ സംരക്ഷിക്കാനും ഭയാശങ്കകള്‍ ശമിപ്പിക്കാനും ഉതകേണ്ട സര്‍ക്കാരിന്റെ സ്ഥാനത്താണ് മതാന്ധതയാല്‍ രാജ്യത്തിന്റെ അധികാര ചുക്കാനേന്തുന്നവര്‍ ഒറ്റക്കെട്ടായി ഇന്ന് ജനങ്ങളുടെ ചെലവില്‍ അയോധ്യയിലേക്ക് യാത്ര തിരിക്കുന്നത്. രാജ്യത്തിന്റെ കോവിഡ് പ്രതിരോധവും ക്രമസമാധാനനിലയും നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷാപോലും കോവിഡ് ബാധിതനായി ആസ്പത്രിയില്‍ കഴിയുന്നു. യു.പി മുഖ്യമന്ത്രി ആദിത്യനാഥും ഉന്നത കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥവൃന്ദവും അയോധ്യയിലെത്തിക്കഴിഞ്ഞു. ഇന്നത്തെ ചടങ്ങോടെ അമിത്ഷാ മുമ്പ് വിശേഷിപ്പിച്ചതുപോലെ ‘ആകാശംമുട്ടുന്ന’ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കംകുറിക്കപ്പെടുകയാണ്.
നീതിയുടെയും കാരുണ്യത്തിന്റെയുമൊക്കെ പര്യായമെന്ന് പുരാണങ്ങളില്‍ വാഴ്ത്തപ്പെട്ടിട്ടുള്ള ശ്രീരാമദേവന്റെ പേരിലുള്ള ക്ഷേത്രത്തിനാണ് അയോധ്യയില്‍ ഇന്ന് ഭൂമി പൂജ നടക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള ക്ഷേത്രവും തറക്കല്ലിടല്‍ചടങ്ങും സാമാന്യമായി ആരാലും എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാല്‍ അയോധ്യയുടെ ഗതകാല നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഏതൊരു മനുഷ്യനും സുവ്യക്തമാകുന്ന ചില നഗ്നസത്യങ്ങളുണ്ട്. കാട്ടാളത്തത്തിന്റെയും അരുകൊലകളുടെയും പെരുംനുണകളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം ദുര്‍ഗന്ധപൂരിതമായ ഭാണ്ഡക്കെട്ടാണത്. 1528ന് ബാബര്‍ ചക്രവര്‍ത്തിയാല്‍ നിര്‍മിക്കപ്പെട്ടതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മസ്ജിദിന്റെ അതേസ്ഥാനത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന വാദമാണ് ഒരുവിഭാഗമാളുകള്‍ ഉയര്‍ത്തിയത്. അതിന് അധികാര സിംഹാസനങ്ങളിലെ ചിലരുടെ അനുഗ്രഹാശിസ്സുകള്‍കൂടി ലഭിച്ചതോടെ 1992 ഡിസംബര്‍ ആറിന് പുരാതന മസ്ജിദ് അതിനിഷ്ഠൂരമാംവിധം തകര്‍ക്കപ്പെടുകയായിരുന്നു. ശേഷം 27 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചതും തകര്‍ത്തതും തെറ്റാണെന്നും എന്നാല്‍ അവിടെതന്നെ രാമക്ഷേത്രം നിര്‍മിക്കാമെന്നുമായിരുന്നു ഉന്നത നീതിപീഠം 2019 നവംബര്‍ 9ന് നല്‍കിയ വിധി. അതനുസരിച്ച് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് രാമക്ഷേത്ര ട്രസ്റ്റ് നിര്‍മിക്കാനും 67 ഏക്കറിന് പുറത്ത് പള്ളി പണിയാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ചേക്കര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിയോജനത്തോടെതന്നെ സുപ്രീംകോടതി വിധിയെന്ന നിലയില്‍ അതിനെമാനിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്തത്. എന്നാല്‍ ട്രസ്റ്റ്‌രൂപീകരിച്ചതോടെ തീരേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഇപ്പോഴുംതീരുന്നില്ലെന്ന് മാത്രമല്ല, ഒരു മതേതര രാജ്യത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് പൊതുഖജനാവിലെ പണവും അധികാരവും ഉപയോഗിച്ചുകൊണ്ട് ഭരണാധികാരികള്‍ ഒന്നടങ്കം രംഗത്ത് പൂര്‍വാധികം സജീവമായി തുടരുന്നുവെന്നതാണ് വേദനനിറഞ്ഞ കാഴ്ചാനുഭവം. ഇതാണ് ഈ ആഗസ്ത് അഞ്ചിന്റെ രണ്ടാം ദുരന്തം.
അധികാരത്തിനായി ഹൈന്ദവ വിശ്വാസങ്ങളെയും ന്യൂനപക്ഷ വിരുദ്ധതയെയും എങ്ങനെ ദുരുപയോഗിക്കാമെന്ന് സോദാഹരണം എത്രയോവട്ടം കാട്ടിത്തന്ന രാഷ്ട്രീയ കക്ഷിയാണ് ഇന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും സംഘ്പരിവാരവും. സ്വാതന്ത്ര്യകാലത്ത് പോലും ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വാദിക്കുകയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയുംചെയ്ത തീവ്രഹിന്ദുത്വ ശക്തികള്‍ മഹാത്മാഗാന്ധിയുടെ ജീവന്‍പോലും അതിന്റെ പേരില്‍ കവര്‍ന്നെടുത്തത് നാം തീരാവേദനയോടെ അനുഭവിച്ചറിഞ്ഞു. ബാബരി മസ്ജിദ് ധ്വംസനത്തെ രണ്ടാം ഗാന്ധിവധമെന്ന് വിശേപ്പിച്ചത് മുന്‍രാഷ്ട്രപതി കെ.ആര്‍ നാരാണയണനെപോലുള്ളവരാണ്. കോടതിയുടെ ഉത്തരവുപ്രകാരം നിര്‍മിക്കുന്ന രാമക്ഷേത്രത്തെസംബന്ധിച്ച് നിയമത്തിന്റെ മുന്നില്‍ യാതൊരു തെറ്റും ആര്‍ക്കും കാണാനാവില്ല. പക്ഷേ ക്ഷേത്ര നിര്‍മാണത്തെ വോട്ടു ബാങ്കിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണ് മതേതതര രാജ്യത്തെ സര്‍വരുടെയും പ്രധാനമന്ത്രി ചെയ്യുന്നതെന്നതാണ് സങ്കടകരമായിട്ടുള്ളത്. മത ന്യൂനപക്ഷങ്ങളുടെ വ്രണിത ഹൃദയങ്ങളില്‍ മുളകുപുരട്ടുന്ന പണിയാണ് ഫലത്തില്‍ കേന്ദ്രത്തിലെയും യു.പിയിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍ ഇന്ന് ചെയ്യുന്നത്.
ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കഗാന്ധിയും കമല്‍നാഥും ദിഗ്‌വിജയ്‌സിങും രാമക്ഷേത്ര നിര്‍മാണത്തില്‍ സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. നവംബര്‍ 9 ന്റെ കോടതിവിധി പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചതും ഇതുമായി കാര്യമായ അന്തരമില്ല. കോടതിവിധിയെ കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണക്കുമെന്നുമായിരുന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയുടെ വാക്കുകള്‍. മതേതര സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് അധികാരംകൊണ്ടും സംഘടനാശക്തികൊണ്ടും ബി.ജെ.പി രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിനെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസിനെപോലുള്ള പാര്‍ട്ടികളുടെ സ്വാഭാവികചുമതലയാണ്. സി.പി. എം പോലുള്ള കക്ഷികളുടെ ഇക്കാര്യത്തിലെ ഇരട്ടത്താപ്പാണ് അതിലും കൗതുകകരം. ബാബരി മസ്ജിദിനെച്ചൊല്ലി സംഘര്‍ഷം മൂര്‍ഛിച്ചുനിന്ന കാലത്ത് പള്ളി പൊളിച്ചുമാറ്റി പള്ളിയും ക്ഷേത്രവും പണിയണമെന്ന് വാദിച്ച നേതാക്കളാണ് ആ പാര്‍ട്ടിയുടേത്. രാജാവിനുമുന്നില്‍ ഹാജരാക്കപ്പെട്ട അനാഥബാലന്റെ പിതൃത്വം അവകാശപ്പെട്ടുവന്ന യുവതികളിലൊരാള്‍ കുഞ്ഞിനെ മുറിച്ചുഭാഗിക്കാന്‍ സമ്മതിച്ചതുപോലെയാണ് സി.പി.എമ്മിന്റെ വിശ്വാസകാര്യത്തിലെ നിലപാടുകള്‍. തുര്‍ക്കിയിലെ വഖഫ് സ്വത്തായ അയാസോഫിയ മസ്ജിദിനെച്ചൊല്ലി വിലപിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉസ്മാനിയ കാലഘട്ടത്തിലെ യൂറോപ്പിലെ പള്ളികള്‍ പലതും ചര്‍ച്ചുകളാക്കിയതിനെയും കമ്യൂണിസ്റ്റുരാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍ക്കെതിരായി ഉരുണ്ട ബുള്‍ഡോസറുകളെയും കണ്ടതായി ഭാവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മതേതരഇന്ത്യയിലെ സര്‍വവിഭാഗം ജനങ്ങളുടെയും വിശ്വാസവികാരങ്ങളെ ഒരുപോലെ സംരക്ഷിക്കുന്ന നെഹ്‌റുവിയന്‍ നയമാണ് രാജ്യത്തിന് അഭികാമ്യമെന്ന് കാലം തെളിയിച്ചതാണ്. കേവലാധികാരത്തിനുവേണ്ടി മതനിരപേക്ഷതയെ ബലികൊടുക്കുന്നത് ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെ തന്നെയും നിലനില്‍പ്പിനാണ് ഭംഗംവരുത്തുക എന്ന് എല്ലാവരും ഓര്‍മിക്കുന്നത് നന്ന്. യഥാര്‍ഥ രാമന്‍ ഇനിയെങ്കിലും കരയാതിരിക്കട്ടെ.

SHARE