കോവിഡിനെ നേരിടേണ്ടത് വായമൂടിക്കെട്ടിയല്ല

ഉമിനീരിലൂടെ പകരുന്ന കോവിഡ്-19നെ നേരിടാന്‍ മുഖമറ (മാസ്‌ക്) ഉപയോഗിക്കണമെന്നാണ് സര്‍ക്കാരുകളെല്ലാം കല്‍പ്പിക്കുന്നത്. എന്നാലത് അവകാശങ്ങളുടെയും പ്രതിഷേധങ്ങളുടെയും വായ മൂടിക്കെട്ടാനുള്ളതല്ലെന്ന് ചിലര്‍ മനപ്പൂര്‍വം മറക്കുന്നു. കോവിഡിന്റെ മറപിടിച്ച് സാമാന്യമനുഷ്യരുടെ അടിസ്ഥാന അവകാശങ്ങളും ആവശ്യങ്ങളും ഭീതിതമാംവിധം ഹനിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായിരിക്കുകയാണെങ്ങും. ഭരണാധികാരികളും ഭരണകൂടങ്ങളും തങ്ങളുടെ സ്വേച്ഛേഷ്ടാനിഷ്ടങ്ങള്‍ ജനതകളില്‍ അടിച്ചേല്‍പിക്കാനുള്ള വ്യഗ്രതയാണ് എങ്ങും കാണാനാകുന്നതെന്ന് ചൂണ്ടിക്കാട്ടിയത് മറ്റാരുമല്ല; ഐക്യരാഷ്ട്രസഭാതലവന്‍ ആന്റോണിയോ ഗുട്ടറസാണ്. കമ്യൂണിസ്റ്റ് ചൈനയിലും ജനാധിപത്യഅമേരിക്കയിലും എന്നുവേണ്ട ഇങ്ങ് കൊച്ചുകേരളത്തില്‍പോലും നിരവധിയായ ആരോപണങ്ങളാണ് പൗരന്മാരില്‍നിന്നും സര്‍ക്കാരുകള്‍ക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനയില്‍ കോവിഡ്ബാധിച്ച് മരിച്ചയാള്‍ അക്കാര്യം തുടക്കത്തില്‍തന്നെ സര്‍ക്കാരിനെ അറിയിച്ച യുവഭിഷഗ്വരനായിരുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷവും പട്ടിണിയിലേക്കും അകവാശലംഘനങ്ങളിലേക്കും എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലും കാണാനാകുന്നത്. ഈ ഘട്ടത്തില്‍ തൊഴിലാളിവര്‍ഗപാര്‍ട്ടിയെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുംവേണ്ടി വാദിക്കുന്നവരെന്നവകാശപ്പെടുന്നവരുമായ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് തങ്ങളുടെ അധികാരദണ്ഡ് ആവുംവിധമൊക്കെ ജനങ്ങളുടെമേല്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് കഴിഞ്ഞദിവസം പാലക്കാട് വാളയാര്‍അതിര്‍ത്തിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.
ജനകീയരായ ജനപ്രതിനിധികള്‍ക്കാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തെതുടര്‍ന്ന് മെയ്14 മുതല്‍ മുതല്‍ 14ദിവസത്തേക്ക് ഹോംക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചത്. ചെന്നൈയില്‍നിന്ന് വാളയാര്‍ അതിര്‍ത്തിയിലെത്തി മലപ്പുറത്തേക്ക് പോകാനിരുന്ന വ്യക്തിക്ക് മെയ്12ന് കോവിഡ് സ്ഥിരീകരിച്ചുവെന്നതാണ് മൂന്ന് എം.പി മാരെയും രണ്ട് എം.എല്‍.എമാരെയും ക്വാറന്റീനിലാക്കാനുള്ള ന്യായീകരണമായി സര്‍ക്കാരും മുഖ്യമന്ത്രിയും വാദിക്കുന്നത്. സത്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ക്വാറന്റീന്‍ മാനദണ്ഡങ്ങളില്‍ മേല്‍പറഞ്ഞവര്‍ ഉള്‍പെടുമോ എന്നത് ഇനിയും തീര്‍ച്ചയില്ല. സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജര്‍ ( എസ്.ഒ.പി) പ്രകാരം കോവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയ (പ്രൈമറി കോണ്‍ട്ക്റ്റ്) വ്യക്തിക്കോ വ്യക്തികള്‍ക്കോ മാത്രമാണ് 14 ദിവസത്തെ സമ്പര്‍ക്കവിലക്ക് ദുരന്തനിരാവരണനിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ‘ലോ റിസ്‌ക്’ വിഭാഗത്തിന് ഇത് ബാധകമല്ല. സര്‍ക്കാര്‍ ആരോപിക്കുന്നരീതിയില്‍ വാളയാറില്‍ കോവിഡ്‌രോഗിയുമായി ജനപ്രതിനിധികളുടെ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. തമിഴ്‌നാടിന്റെ പാസുമായി നൂറുകണക്കിനുപേരാണ് കേരളത്തിലേക്ക് വരാനായി മെയ് 8നും 9നും മണിക്കൂറുകളായി അവിടെ കാത്തുകെട്ടിക്കിടന്നത്. ഇതറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ തലേന്നുതന്നെ ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്യുകയും സര്‍ക്കാര്‍ ഇവര്‍ക്കായി പ്രത്യേകപ്രവേശനസൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. വെറുതെ വാക്കാലല്ല, ചീഫ്‌സെക്രട്ടറി ഒപ്പുവെച്ച ഉത്തരവ് പ്രകാരം കേരളത്തിന്റെ പാസില്ലാതെ അതിര്‍ത്തിയിലെത്തുന്നവരെ പ്രത്യേകം രജിസ്‌ട്രേഷന്‍നടത്തി അതാത് തദ്ദേശസ്ഥാപനങ്ങളിലേക്ക് റഫര്‍ചെയ്യുകയും ക്വാറന്റീനിലാക്കാനുമായിരുന്നു ഉത്തരവ്. ഇതിനായി 15,16 എന്നീ കൗണ്ടറുകള്‍ വാളയാര്‍ പരിശോധനാവിഭാഗത്തില്‍ തുറക്കുകയുംചെയ്തു. ഇതുസംബന്ധമായ ചോദ്യത്തിന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്, പാസില്ലാതെവരുന്നവര്‍ ഇത്തിരിബുദ്ധിമുട്ടും എന്നായിരുന്നു. മെയ്എട്ടിന് ഈവിധം കുറച്ചുപേരെ കടത്തിവിട്ടു. ഇതേക്കുറിച്ച് സ്വാഭാവികമായും സുഹൃത്തുക്കളിലേക്ക് ഇവര്‍ വിവരംകൈമാറി. പിറ്റേന്ന് ഇരുന്നൂറോളംപേരാണ് അതിര്‍ത്തിയില്‍ വാഹനങ്ങളിലായി എത്തിയത്. ഇവരില്‍ ചെന്നൈയിലെ ഹോട്‌സ്‌പോട്ടില്‍നിന്നെത്തിയവരും ഉണ്ടായിരുന്നു. ഇവരില്‍ കുട്ടികളും സ്ത്രീകളും വെള്ളമോ ഭക്ഷണമോ ഇല്ലാതെയും മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാതെയും പൊരിവെയിലത്ത് മണിക്കൂറുകളോളം അലഞ്ഞു.
ഇതേ ദിവസങ്ങളില്‍തന്നെയാണ് കേരളത്തില്‍നിന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ സര്‍ക്കാരിന്റെ ഭക്ഷണപ്പൊതികളുമായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളില്‍പോകുന്നതിന് സംവിധാനമൊരുക്കത്. ഈ അവകാശംപോലും എന്തുകൊണ്ട് മലയാളികള്‍ക്ക് കിട്ടുന്നില്ലെന്ന പരിഭവവും പരാതിയും സ്വാഭാവികമായും വാളയാറിലെത്തിയവരിലും ഇതരസംസ്ഥാനങ്ങളിലെ മലയാളിസമൂഹത്തിനുമിടയിലും പരന്നു. മെയ്9ന് ദൃശ്യമാധ്യമങ്ങള്‍ അപ്പാടെ മലയാളികളുടെ കാട്ടിലൂടെയുള്ള നടത്തവും അലച്ചിലും റിപ്പോര്‍ട്ട്‌ചെയ്തത് ലോകമലയാളികളെയാകെ ഞെട്ടിച്ചു. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍കൂടിയായ പാലക്കാട് എം.പി. വി.കെ ശ്രീകണ്ഠന്‍ വിവരമറിഞ്ഞ് സ്ഥലത്തേക്ക് തിരിച്ചു. എം.പിയും കൂട്ടരും വെള്ളവും പഴവും സംഘടിപ്പിച്ച് വിതരണം ചെയ്തത് ഏതൊരു മനുഷ്യസ്‌നേഹിയും ചെയ്യുന്നതുമാത്രമായിരുന്നു. തൃശൂര്‍സ്വദേശികളായ ചിലരും ജില്ലയിലെ എം.പിമാരായ ടി.എന്‍ പ്രതാപന്‍, രമ്യഹരിദാസ്, എം.എല്‍.എ അനില്‍അക്കര എന്നിവരുമായി ബന്ധപ്പെട്ടു. വൈകീട്ടോടെ ഇവരുംകൂടി എത്തിയാണ് സര്‍ക്കാരിലും മന്ത്രിമാരിലും സമ്മര്‍ദംചെലുത്തി ഏതെങ്കിലുംമാര്‍ഗേണ മലയാളികളെ കേരളത്തിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചത്. മാസ്‌ക് ധരിച്ച് അകലംപാലിച്ചാണ് അവര്‍ പൊലീസിനോടും ജനങ്ങളോടും സംസാരിച്ചതും. എന്നാല്‍ കോവിഡ് പരത്താന്‍ ശ്രമിച്ച ‘മരണത്തിന്റെ വ്യാപാരികളെ’ന്ന വിശേഷണവുമായാണ് ജനപ്രതിനിധികളെ സി.പി.എം രാഷ്ട്രീയമായിനേരിട്ടത്. പാര്‍ട്ടി ജില്ലാകമ്മിറ്റി ജനപ്രതിനിധികളെ ക്വാറന്റീനില്‍പ്രവേശിപ്പിക്കണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടത് ദുഷ്ടലാക്കോടെയായിരുന്നു. അതല്ലെങ്കില്‍ മെയ്12ന് രോഗം സ്ഥിരീകരിച്ചിട്ട് രണ്ടാംദിവസം മെഡിക്കല്‍ബോര്‍ഡ് നിര്‍ദേശംവന്നു? പ്രതിസന്ധികാലത്ത് പ്രതിപക്ഷം ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കേണ്ടെങ്കില്‍ എന്തിനാണ് പശ്ചിമബംഗാളിലെ സി.പി.എം ഇപ്പോള്‍ സമരംചെയ്യുന്നത്? ഏതായാലും സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച എല്ലാവരും നിരീക്ഷണത്തില്‍ പോയിക്കഴിഞ്ഞു. ഇതേസമയംതന്നെ തിരുവനന്തപുരത്ത് സ്‌കൂള്‍ ചടങ്ങില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രനും തൃശൂരില്‍ മന്ത്രി എ.സി മൊയ്തീനും ചട്ടംലംഘിച്ച് കോവിഡ്ബാധിതരുമായി ഇടപഴകിയത് സര്‍ക്കാര്‍ കാണുന്നേയില്ല. ഒരു മെഡിക്കല്‍ബോര്‍ഡും അത് ശുപാര്‍ശ ചെയ്തതുമില്ല. ഇരട്ടനീതിയാണിത്. പല ജില്ലകളിലുള്ള പാലക്കാട്ടെ നൂറോളം പൊലീസുദ്യോഗസ്ഥരെയും മുപ്പതോളം മാധ്യമപ്രവര്‍ത്തകരെയും ‘വീട്ടുനിരീക്ഷണ’ ത്തിലാക്കുക വഴി പുതിയവാസഇടങ്ങള്‍ തേടുകയാണ് പലരും. റിമാന്‍ഡ്കാലാവധിക്ക് സമാനമാണ് കോവിഡ് -19 നിരീക്ഷണകാലാവധിയെന്നിരിക്കെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശബ്ദം തല്‍കാലത്തേക്ക് അടച്ചിടാമെന്നാണ് സര്‍ക്കാരിനെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണ്. ആസുരകാലത്ത് ജനത കാംക്ഷിക്കുന്നത്, പക്വതയും അവധാനതയുമാര്‍ന്ന ഭരണനേതൃത്വത്തെയാണ്, കേവലം രാഷ്ട്രീയചട്ടമ്പികളെയല്ല!

SHARE