എനിക്ക് ഇസ്‌ലാം തന്നത്; ദക്ഷിണ കൊറിയന്‍ മോഡല്‍ അയാന മൂണ്‍ പറയുന്നതിങ്ങനെ

ജക്കാര്‍ത്ത: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ എട്ടാം വാര്‍ഷികത്തില്‍ ഉള്ളു തൊടുന്ന കുറിപ്പുമായി ദക്ഷിണ കൊറിയന്‍ മോഡലും നടിയുമായ അയാന ജിയെ മൂണ്‍. തനിക്കിപ്പോള്‍ മുമ്പത്തേതിനേക്കാള്‍ ആത്മവിശ്വാസം തോന്നുന്നുവെന്നും മുസ്‌ലിം വനിതയെന്ന നിലയില്‍ അഭിമാനിക്കുന്നു എന്നും അവര്‍ എഴുതി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അയാനയുടെ കുറിപ്പ്.

‘ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. ഇന്ന് ഇസ്‌ലാം മതത്തിലേക്ക് വന്നിട്ട് എട്ടു വര്‍ഷമായി. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണെന്ന തോന്നലുണ്ടായിരുന്നു. ഒരു മുസ്‌ലിം എന്ന നിലയില്‍ ഞാനിന്ന് ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുന്നു. ദൈവകൃപയാല്‍ എന്റെ വിശ്വാസം കരുത്താര്‍ജ്ജിക്കുന്നു’ – അവര്‍ എഴുതി.

ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തോളം പേരാണ് അയാനയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. പന്ത്രണ്ടായിരത്തിലേറെ കമന്റുമുണ്ടായി. 27 ലക്ഷം പേരാണ് ഇവരെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ദക്ഷിണ കൊറിയയില്‍ ജനിച്ച 24കാരിയായ അയാന മൂണ്‍ ഇന്തൊനേഷ്യയിലും മലേഷ്യയിലും ഏറെ ജനപ്രിയയായ കലാകാരിയാണ്. ഇരുരാഷ്ട്രങ്ങളിലെയും എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ അവര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് അടക്കമുള്ള നിരവധി ബെസ്റ്റ് സെല്ലിങ് അഡൈ്വര്‍ടൈസ്‌മെന്‍റുകളിലെ മുഖമാണ് ഇവര്‍. ഈയിടെ ഇവരുടെ സഹോദരന്‍ അയ്ദിന്‍ മൂണ്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു.