കരസേനാ മേധാവിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി.എന്‍.പ്രതാപന്‍ എംപിയുടെ കത്ത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍ എം.പി. റാവത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് കത്തയച്ചു.

രാഷ്ട്രീയ വിഷയങ്ങളില്‍ സേനാ മേധാവിമാര്‍ അഭിപ്രായം പറയാനോ ഇടപെടാനോ പാടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബിപിന്‍ റാവത്ത് വിവാദ പ്രതികരണം നടത്തിയത്. ഇതിനെതിരെ കര്‍ശന നടപടി വേണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കരസേനാ മേധാവി ബിപിന്‍ റാവത്ത് എല്ലാ പരിധികളും ലംഘിച്ചു എന്നും രാഷ്ട്രീയ വിഷയത്തില്‍ അഭിപ്രായം പറഞ്ഞു എന്നും ടി.എന്‍.പ്രതാപന്‍ എംപിയുടെ കത്തില്‍ പറയുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയ കരസേനാ മേധാവി എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുകയാണെന്നും നടപടി വേണമെന്നും ടി.എന്‍.പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു ബിബിന്‍ റാവത്തിന്റെ പ്രസ്താവന. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. നിരവധി സര്‍വകലാശാലകളിലെയും കോളേജിലെയും വിദ്യാര്‍ഥികളെയും ജനക്കൂട്ടത്തെയും നേതാക്കള്‍ തെറ്റായ പാതയിലേക്ക് നയിച്ച് നഗരങ്ങളില്‍ അക്രമം നടത്തി. ഇതല്ല നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക മേധാവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. സിഎഎ പ്രതിഷേധങ്ങള്‍ക്കെതിരെ സൈനിക മേധാവി സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ കരസേന മേധാവിയെ അനുവദിച്ചാന്‍, നാളെ സൈന്യത്തെ ഏറ്റെടുക്കാനുളള ശ്രമം നടത്താന്‍ അനുവാദം നല്‍കുക കൂടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.

SHARE