കൊച്ചി: അനില്‍ അക്കര എംഎല്‍എയുടെയും ടി എന്‍ പ്രതാപന് എംപിയുടെയും കോവിഡ് പരിശോധന ഫലം പുറത്തുവന്നു. ഇരുവര്‍ക്കും നെഗറ്റീവ് ആണ് ഫലം. വാളയാറില്‍ എത്തിയവരെ കടത്തി വിടണം എന്നാവശ്യപ്പെട്ട് ഇവരുള്‍പ്പെട്ട കോണ്‍ഗ്രസ് പ്രതിനിധികള്‍ നടത്തിയ സമരത്തില്‍ കോവിഡ് ബാധിതനും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കുകയും ക്വാറന്റൈനില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
ഇവര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത ഷാഫി പറമ്പില്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി എന്നിവരും ക്വാറന്റൈനിലാണ്. അതേസമയം, ക്വാറന്റൈനില്‍ കഴിയുന്ന ടി എന്‍ പ്രതാപനും അനില്‍ അക്കരയും നിരാഹര സമരത്തിലാണ്. മന്ത്രി എ സി മൊയ്തീന് ക്വാറന്റൈന് വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് ഇവര്‍ സമരം നടത്തുന്നത്.
അനില്‍ അക്കര പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച എ സി മൊയ്തീന് ക്വാറന്റൈന് പോകേണ്ടെന്നും പൊതു പരിപാടികള്‍ ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃശൂര്‍ കലക്ടറേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് അഞ്ചുമണിവരെ ഉപവാസ സമരം നടത്തുന്നുണ്ട്.