ഗവര്‍ണര്‍ക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡന്റാവുന്നതാണ് നല്ലത്; പരിഹസിച്ച് ടി.എന്‍ പ്രതാപന്‍

തൃശ്ശൂര്‍: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ എം.പിയുമായ ടി.എന്‍ പ്രതാപന്‍.

കേരള ഗവര്‍ണറുടെ നടപടി ഗവര്‍ണര്‍മാരുടെ തന്നെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടിഎന്‍ പ്രതാപന്‍ പരിഹസിച്ചു.

ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രതാപന്‍ വ്യക്തമാക്കി.

കേരള ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വച്ച് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ വാക്കേറ്റവും ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ നടത്തിയ പരസ്യ വിമര്‍ശനത്തേയും തുടര്‍ന്ന് സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്.

ഗവര്‍ണറെ പിന്തുണച്ച് ബിജെപിയും രംഗത്തു വന്നതോടെ വിഷയം പുതിയ വിവാദങ്ങളിലേക്ക് വഴിമാറി. തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിവിധ മാധ്യമങ്ങളില്‍ എത്തിയിരുന്നു.