പാര്‍ലമെന്റിലെ പ്രസംഗം കോപ്പിയടിച്ചതാണെന്ന സംഘപരിവാര്‍ ആരോപണത്തിന് മഹുവ മൊയ്ത്രയുടെ മറുപടി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ മഹുവ മൊയ്ത്രയുടേതായിരുന്നു. ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എണ്ണിപ്പറഞ്ഞ മൊയ്ത്ര മോദിക്കും ആര്‍.എസ്.എസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയ പ്രസംഗം കോപ്പിയടിച്ചതാണെന്നാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

ഇതിനെക്കുറിച്ച് ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം മൊയ്ത്ര പ്രതികരിച്ചത്. തന്റെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതായിരുന്നുവെന്നും അത് ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയെന്നും മൊയ്ത്ര പറഞ്ഞു. പ്രസംഗത്തില്‍ ഉദ്ധരിച്ച കാര്യങ്ങളുടെ ഉറവിടം വെളുപ്പെടുത്താതിരിക്കുമ്പോഴാണ് കോപ്പിയടിച്ചുവെന്ന ആരോപണത്തിന് പ്രസക്തിയുള്ളത്. തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ച കാര്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന് അപ്പോള്‍ തന്നെ വ്യക്തമാക്കിയതാണ്. രാഷ്ട്രതന്ത്രജ്ഞനായ ലോറന്‍ ഡബ്ലിയു ബ്രിട്ടിന്റെ ഫാസിസത്തെ കുറിച്ചുള്ള 14 ലക്ഷണങ്ങളില്‍ നിന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമായ ഏഴ് കാര്യങ്ങളാണ് പ്രസംഗത്തില്‍ ഉദ്ധരിച്ചത്. ഇത് പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

SHARE