ഫലം കേന്ദ്ര സര്‍ക്കാറിന് എതിരായി; ടൈംസ് ഓഫ് ഇന്ത്യ ‘നോട്ട് പിന്‍വലിക്കല്‍’ സര്‍വേ മുക്കി

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു എന്നായിരുന്നു ‘ജന്‍ ജന്‍ കി ബാത്ത്’ എന്ന പേരിലുള്ള ഈ സര്‍വേയുടെ അന്തിമ ഫലം. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ളൂ എന്നത് അതിശയകരമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇത് കാരണമായി.

നോട്ട് പിന്‍വലിക്കലിനെപ്പറ്റി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ സര്‍വേയുടെ ഫലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ‘നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു പോളിലെ ചോദ്യം.
‘നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
‘നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.

denom

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 56 ശതമാനം പേരും ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്. നല്ല ആശയം, മോശം നടപ്പിലാക്കല്‍ എന്നതിന് 15 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 29 ശതമാനം പേര്‍ നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തി.

ഏറ്റവും വിചിത്രമായ കാര്യം, ഈ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ ഇനിയും പരസ്യമാക്കിയിട്ടില്ല എന്നാണ്. മാത്രവുമല്ല, പോള്‍ നടന്ന പേജില്‍ ഇപ്പോള്‍ നോക്കുമ്പോള്‍ ഒന്നും കാണാനുമില്ല. സര്‍വേയുടെ ഈ ‘അപ്രത്യക്ഷമാവല്‍’ താല്‍ക്കാലികമാണോ അതോ എന്നെന്നേക്കുമാണോ എന്ന കാര്യം വ്യക്തമല്ല. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്.

നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് മറ്റൊരു സര്‍വേയാണ് ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലുള്ളത്. നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ താളംതെറ്റിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തെ പിന്തുണക്കുന്നുണ്ടോ എന്നാണ് ചോദ്യം. കൂടുതല്‍ പേരും പിന്തുണക്കുന്നില്ല എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

SHARE