ഇന്ത്യക്കു പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിക്കാനുള്ള നീക്കത്തില്‍


ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം യുഎസിന്റെ പരിഗണനയിലുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ ഇക്കാര്യം എത്തിയില്ലെങ്കിലും പക്ഷെ ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പോംപിയോ പറഞ്ഞു.

രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്ന ചൈനയിലെ നിയമങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് ആപ്പ് നിരോധനത്തിലേക്ക് യുഎസിനെയും ചിന്തിപ്പിക്കുന്നത്. ടിക് ടോക് ഉള്‍പ്പടെ ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലുള്ള എല്ലാ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയില്‍. യുഎസ് പാര്‍ലമെന്റേറിയന്മാര്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണനേതൃത്വത്തിന്റെ ഈ ഇടപെടലുകളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

ചൈനയില്‍ ലഭ്യമല്ലാത്ത ആപ്പ് അതിന് ആഗോള സാന്നിധ്യം ഉറപ്പിക്കുന്നതിനായി ചൈനീസ് വേരുകള്‍ അറുത്തുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരാഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഉടലെടുത്ത യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയിലാണ് പോംപിയോയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ടിക് ടോക് ഉള്‍പ്പടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

SHARE