ചണ്ഡീഗഢ്: ടിക്ടോക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാര്‍ലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് മരിച്ചത്. ടിക്ടോക്കില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി.
ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാര്‍ലറിനുള്ളില്‍ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാര്‍ലറിന്റെ പാര്‍ട്ട്ണറായ നീരജ് സ്ഥാപനം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാള്‍ വിവരമറിയിച്ചു.
അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതെ ശിവാനിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാല്‍ ഇതിനു ശേഷവും ആരിഫ് ശിവാനിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നുവെന്നാണ് കുടുംബം പറയുന്നത്.