ടിക്‌ടോക് നീക്കം ചെയ്തു; ആദ്യ പ്രതികരണം അറിയിച്ച് ടിക്‌ടോക്


ന്യൂഡല്‍ഹി: നിരോധനത്തിന് പിന്നാലെ ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കി. പ്ലേ സ്റ്റോര്‍, ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക്‌ടോക് വിശദീകരിച്ചു. നിരോധനത്തിന് ശേഷമുള്ള ടിക് ടോക്കിന്റെ ആദ്യ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക്‌ടോക് അറിയിച്ചു.

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

SHARE