ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ടിക്ടടോക് നിരോധിക്കുമെന്നായതോടെ പിടിച്ചു നില്‍ക്കാനുള്ള അടവുമായി ടിക്ടോക്. പേരന്റ് കമ്പനിയായ ചൈനയിലെ ബൈറ്റ്ഡാന്‍സ് ടിക്ക്ടോക്ക് വിറ്റേക്കുമെന്നാണ് സൂചനകള്‍. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യക്കു പിന്നാലെ യുഎസും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ ടിക്ക്ടോക്കിനെതിരെ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍. ടിക്ക്ടോക്കിന്റെ ഉപയോക്താക്കളില്‍ വലിയൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ഇതിന് ശേഷം ഏറ്റവുമധികം ആളുകള്‍ ടിക്ക്ടോക്ക് ഉപയോഗിക്കുന്നത് യുഎസിലും. നിലവിലെ സാഹചര്യത്തില്‍ ബൈറ്റ്ഡാന്‍സ് കമ്പനിക്ക് യുഎസിലെ മാര്‍ക്കറ്റ്കൂടി നഷ്ടമാകുന്നത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കും.
അതേസമയം, ടിക്ക്ടോക്ക് വാങ്ങുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ മുന്‍പുതന്നെ ടിക്ക്ടോക്ക് മൈക്രോസോഫ്റ്റ് വാങ്ങാന്‍ ആലോചിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക്ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ട്രംപ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് ട്രംപ് ടിക്ക്ടോക്കിനെതിരെയുള്ള തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേമയം, ടിക്ക്ടോക്കിനെ നിരീക്ഷിച്ചുവരികയാണെന്നും ചിലപ്പോള്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതുമല്ലെങ്കില്‍ മറ്റു നടപടികള്‍ കൈകൊള്ളുമെന്നും ട്രംപ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.