കൊച്ചി: ടിക്ടോകിലെ വീഡിയോ ദുരുപയോഗം ചെയത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. മറ്റു സാമൂഹിക മാധ്യമങ്ങളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ടിക്ടോകിന്റെ ദുരുപയോഗ സാധ്യത വര്‍ധിക്കാന്‍ കാരണം.സീരിയല്‍ താരം അജിനാ മേനോനും ടിക്ടോകിന്റെ കെണിയില്‍ കുടുങ്ങിയിട്ടുണ്ട്. ടിക്ടോകില്‍ താരം ഇട്ട വീഡിയോ മറ്റൊരാള്‍ മോര്‍ഫ് ചെയ്ത് ലൈംഗിക ഉള്ളടക്കത്തോടെ പ്രചരിപ്പിച്ചു. സഹോദരന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തിയ വ്യാജ വീഡിയോയും പ്രചരിച്ചു. വ്യക്തി ജീവിതവും കൂടുംബ ജീവിതവും തകര്‍ന്ന താരം ഇപ്പോള്‍ പൊലീസ് നടപടിയും കാത്തിരിക്കുകയാണ്.
വീഡിയോകളില്‍ കൃത്രിമം വരുത്തുക, മുഖചിത്രങ്ങളെ അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്തുവയ്ക്കുക ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുക ഇവയാണ് പ്രധാന പരാതികള്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ലൈക്കും ഷെയറും കൂട്ടാനായി ഉപയോഗിക്കുന്ന ഉദാഹരണങ്ങള്‍ വരെയുണ്ട്. ദുരുപയോഗം സംബന്ധിച്ച പരാതകളില്മേല് നടപടികളെടുക്കുന്നതില്‍ മറ്റു സാമൂഹിക മാധ്യമങ്ങളെക്കാള്‍ പിന്നിലാണ് ടിക്ടോക്. നിരന്തരം അക്കൗണ്ട് മാറിക്കൊണ്ടിരിക്കുന്ന വിരുതന്മാരുളളത് പൊലീസ് ഇടപെടലിനും പരിമിതിയുണ്ടാക്കുന്നു.