ടിക് ടോക്ക് നിരോധനം ആഘോഷമാക്കി ട്രോളന്മാര്‍

ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ചത് ആഘോഷമാക്കി ട്രോളന്മാര്‍. നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതില്‍ ഏറ്റവുമധികം വേദനിക്കുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ട്രോളന്മാര്‍ നല്‍കുന്ന ഉത്തരം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണറാണ് എന്നാണ്.

ടിക്ടോക്കില്‍ സജീവമായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇന്ത്യക്കാരായിരുന്നു ഫോളോവേഴ്‌സില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യന്‍ ഭാഷകളിലുള്ള വാര്‍ണറുടെ വിഡിയോകള്‍ ടിക്ടോക്കില്‍ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഭൂരിഭാഗം ആരാധകരെയും നഷ്ടമായി ഓസ്‌ട്രേലിയയിലെ വീട്ടില്‍ ദുഃഖിച്ചിരിക്കുന്ന വാര്‍ണര്‍ ട്രോളുന്മാരുടെ ഭാവനയില്‍ ജനിച്ചു.

ഇതുപോലെ ദുഃഖം അനുഭവിക്കുന്ന മറ്റൊരാളുണ്ട്. ടിക്ടോക് റോസ്റ്റ് വിഡിയോകളിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച് അര്‍ജുന്‍ സുന്ദരേശന്‍. ഇനി അര്‍ജുന്‍ എങ്ങനെ റോസ്റ്റ് ചെയ്യുമെന്നാണ് ട്രോളന്മാരുടെ സംശയം.

ടിക്ടോക് നിരോധിക്കപ്പെട്ടതറിഞ്ഞ് ദുഃഖിച്ചിരിക്കുന്ന ‘എള്ളോളം തരി പൊന്നെന്തിനാ’ എന്ന പാട്ടും ട്രോളുകളില്‍ സ്ഥാനം നേടി. വിവാഹശേഷം വരനൊപ്പം വധു വീട്ടിലേക്ക് വരുന്ന വിഡിയോ ഈ പാട്ടിനൊപ്പമാണ് ടിക്ടോക്കില്‍ പങ്കുവച്ചിരുന്നത്. ടിക്ടോക് ഇല്ലാത്തതുകൊണ്ട് വിവാഹങ്ങളുടെ എണ്ണം കുറയുമോ എന്ന ‘ആശങ്ക’ ട്രോളന്മര്‍ക്കുണ്ട്.

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരമായി ഇറങ്ങാന്‍ സാധ്യതയുള്ള ആപ്പുകളെ കുറിച്ചും ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

SHARE