വിമാനയാത്രക്കിടെ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി. വിമാന യാത്രക്കിടയിലാണ് ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന മുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ചത്. ടിക്കാറാം മീണയുടെ പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തു, അന്വേഷണം നടത്തുകയാണ്.

ഫെബ്രുവരി ഒന്‍പതിനാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ പോയി മടങ്ങിവരികയായിരുന്നു ഇദ്ദേഹം. ജയ്പ്പൂരില്‍ നിന്ന് ദില്ലിയിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു യാത്ര. എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തുണികള്‍ക്കകത്തായിരുന്നു 75000 രൂപ സൂക്ഷിച്ചത്. വിമാനമിറങ്ങിയ മീണ, ബാഗുമായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ബാഗ് തുറന്നപ്പോള്‍ ബാഗിനകത്ത് പണമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇദ്ദേഹം വലിയതുറ പൊലീസിനെ സമീപിച്ചത്.

സംഭവത്തില്‍ എയര്‍ ഇന്ത്യക്കും ടിക്കാറാം മീണ പരാതി നല്‍കിയതായാണ് വിവരം. കള്ളനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതിന്റെ ഭാഗമായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം വിമാനത്താവള മാനേജര്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.