കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് 19 ഭീതി പൂര്‍ണ്ണമായും വിട്ട് മാറാത്ത പശ്ചാത്തലത്തിലാണ് ടിക്കാറാം മീണയുടെ പരാമര്‍ശം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീണയുടെ പരാമര്‍ശം.

കോവിഡ് ബാധമൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നടപടികളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കേണ്ടി വരും. മെയ് മൂന്നിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് കുട്ടനാട്ടിലും വിജയന്‍പിള്ളയുടെ വിയോഗത്തെ തുടര്‍ന്ന് ചവറയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. സര്‍ക്കാരിന്റെ കാലാവധി ഒരു വര്‍ഷം വരെയുണ്ടെങ്കിലാണ് സാധാരണ ഉപതെരഞ്ഞെടുപ്പ് നടത്താറ്. അതായത് മെയ് 25ന് മുന്‍പ് തെരഞ്ഞെടുപ്പ് നടക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളുകയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ.

ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏകദേശം വ്യക്തമായതോടെ കുട്ടനാട്ടിലും ചവറയിലും ജനപ്രതിനിധിയില്ലാതെയാവും ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുക.

SHARE