ടിക്‌ടോക് വീഡിയോ എടുക്കാന്‍ ജീവനുള്ള മത്സ്യത്തെ വിഴുങ്ങി; യുവാവ് മരിച്ചു

ചെന്നൈ:തമിഴ്‌നാട്ടില്‍ ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ പാര്‍വതി നഗര്‍ സ്വദേശിയായ എസ്. വെട്രിവേലാണ് (22) മരിച്ചത്. തേര്‍പേട്ടയിലെ തടാകക്കരയിലാണ് സംഭവം.

രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനായി തടാകത്തിനടുത്ത് എത്തിയതായിരുന്നു വെട്രിവേല്‍. മൂന്ന് പേരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ പിടിച്ച മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്‌ടോക്കിലിടാമെന്ന് തീരുമാനിച്ചു. വെട്രിവേല്‍ മീന്‍ വിഴുങ്ങുന്നതിന്റെ വീഡിയോ കൂട്ടുകാര്‍ ചിത്രീകരിക്കാന്‍ തുടങ്ങി. അതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി വെട്രിവേലിന് ശ്വാസം കിട്ടാത്ത അവസ്ഥയായി.

സുഹൃത്തുക്കള്‍ വെട്രിവേലിനെ ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കാനാണോ അതോ കൂട്ടുകാരുമായി പന്തയം വെച്ചാണോ യുവാവ് മീന്‍ വിഴുങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

SHARE