ഷംന കാസിമിന് പുറമെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ടിക് ടോക്ക് താരം ഷരീഫ്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ ടിക് ടോക്ക് താരം ഷെരീഫാണ് മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാള്‍ വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളെയും കബളിപ്പിച്ചു. ഷെരീഫ് പോലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുനല്‍കിയാണ് നേരത്തെ തട്ടിപ്പിനിരായ യുവതികളെ കബളിപ്പിച്ചത്. നിലവില്‍ പോലീസിന്റെ പിടിയിലായ റഫീഖാണ് ഈ ദൃശ്യങ്ങള്‍ അയച്ചുനല്‍കിയതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഷെരീഫിന്റെയും സംഘത്തിന്റെയും തട്ടിപ്പിന് ഇരയായ യുവതികള്‍ പോലീസില്‍ പരാതി നല്‍കി കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് റഫീഖ് തന്നെ ഇടപെട്ട് ഷെരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിച്ചത്. ഇത് വിശ്വസിപ്പിക്കാനായി പോലീസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ജീപ്പില്‍ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങളും അയച്ചുനല്‍കി. എന്നാല്‍ പിന്നീട് ടിക് ടോക്കില്‍ ഇതേ ജീപ്പിന് മുന്നില്‍നിന്നുള്ള ഷെരീഫിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ കബളിപ്പിക്കുകയാണെന്ന് യുവതികള്‍ക്ക് മനസിലായത്.

അതേസമയം, മുഖ്യസൂത്രധാരനായ ഷെരീഫിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇയാള്‍ എവിടെയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വൈകാതെ തന്നെ ഇയാള്‍ പിടിയിലാവുമെന്നും പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് പറയുന്നുണ്ട്.

SHARE