തുഷാറിനെ മുഖ്യമന്ത്രി പിന്തുണച്ചത് എസ്.എന്‍.ഡി.പിയോടുള്ള സ്‌നേഹം കൊണ്ടെന്ന് വെള്ളാപ്പള്ളി


ചേര്‍ത്തല: ചെക്ക്‌കേസില്‍ തുഷാറിനെ അജ്മാനില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ തുഷാറിനോടല്ല എസ് എന്‍ ഡി പി എന്ന സംഘടനയോടുള്ള സ്‌നേഹമാണ് പിന്തുണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയതെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തലയില്‍ നടന്ന എസ് എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പളളി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ത്ഥമായി സഹായിച്ചു.
കാര്യങ്ങള്‍ വിശദമായിപഠിച്ച് യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ മാത്രം ഇടപെടുന്നവരാണ് മുഖ്യമന്ത്രിയും പ്രവാസി വ്യവസായി എം എ യൂസഫലിയും. യൂസഫലിയുടെ ആളുകളാണ് അജ്മാനിലെ സ്റ്റേഷനിലെത്തിയതും പണമടച്ചതും അഭിഭാഷകരെ ഇറക്കിയതും. ഇവര്‍ രണ്ടും പിന്തുണച്ചപ്പോള്‍ തന്നെ തുഷാറിന്റെ വാദങ്ങള്‍ ശരിയാണെന്നു ബോധ്യപ്പെട്ടുവെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇടപെടലുകള്‍ നടത്തി. 10 വര്‍ഷം മുമ്പും എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കി പിരിഞ്ഞ കമ്പനിയുടെ പേരിലുള്ള ചെക്കിന്റെ പേരിലാണ് കേസ്. തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞതോടെ കേസ് കോടതിക്കു പുറത്തു തന്നെ രമ്യമാക്കാനാണ് ശ്രമിക്കുന്നതെന്നാണു വിവരമെന്നും വെള്ളാപ്പളളി പറഞ്ഞു.
അതേ സമയം ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. തുഷാറിന്റെ അറസ്റ്റില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളക്കുണ്ടോ? അയാള്‍ വലിയ അഭിഭാഷകനൊക്കെയാണ്. പക്ഷേ തലച്ചോറില്ല. ശബരിമല വിഷയം വന്നപ്പോള്‍ അത് ഗോള്‍ഡന്‍ ചാന്‍സാണ് എന്നു പറഞ്ഞയാളാണ് ശ്രീധരന്‍പിള്ള. അന്നു തൊട്ട് പിള്ളയുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.