സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കി യഥാര്‍ത്ഥ ധീരന്മാരെ അപമാനിക്കരുത്- തുഷാര്‍ ഗാന്ധി

ആര്‍എസ്എസ് ചിന്തകന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരത്‌രത്‌ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ഒത്താശ ചെയ്തയാളാണ് സവര്‍ക്കറെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു.സവര്‍ക്കറെ ആദരിക്കുന്നത് യഥാര്‍ഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാമെന്നു പറയുന്നത് നീതികേടാണ്. സവര്‍ക്കര്‍ മാതൃകയാണെന്നും ഭാരതരത്‌ന നല്‍കാമെന്നും പ്രധാനമന്ത്രി പറയുന്നത് ചോദ്യംചെയ്‌തേ മതിയാകൂ.

ഗാന്ധിജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കര്‍. കേസില്‍ വെറുതെ വിട്ടെങ്കിലും സവര്‍ക്കര്‍ നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്നയാള്‍ക്ക് ഭാരത്‌രത്‌ന നല്‍കാന്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ബാപ്പുവിന്റെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും അതിന് പിന്നിലെ ഗൂഢാലോചനയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് തുഷാര്‍ ഗാന്ധി പറഞ്ഞു. നെഹ്‌റുവിന്റെ ആശയങ്ങള്‍ കടമെടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കാത്തവര്‍ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. സവര്‍ക്കറെ രാജ്യത്തിന് വേണ്ടി ജീവിച്ചവരുടെ ഇടയില്‍ ചേര്‍ക്കു്‌നനത് തന്നെ പാപമായിരിക്കും തുഷാര്‍ ഗാന്ധി പറഞ്ഞു.