തൃശൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു; കൈയിലെ ഞരമ്പ് മുറിച്ച ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റുന്ന നാടകീയ ദൃശ്യങ്ങള്‍ കാണാം


തൃശൂര്‍: പൊലീസ് നോക്കിനില്‍ക്കെ തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസില്‍വെച്ചാണ് വില്ലേജ് ഓഫിസര്‍ സിനി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൈഫ് പദ്ധതി അപേക്ഷകര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. വില്ലേജ് ഓഫീസര്‍ സിനി മേശയില്‍ നിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ടയില്‍ മുറിവ് ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ അപേക്ഷയ്ക്കായി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജ് ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഇന്നും ഇത്തരത്തില്‍ നിരവധിയാളുകള്‍ വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയിരുന്നു. എന്നാല്‍ ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

പൊലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ പോലീസ് വാഹനത്തില്‍ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.