തൃശൂരില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തൃശൂര്‍: പഴങ്ങള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് നിന്നും പെരുമ്പാവൂരിലേക്കു മാമ്പഴം കയറ്റി വന്ന വണ്ടിയില്‍ നിന്നും 25000 പാക്കറ്റ് ഹാന്‍സാണ് തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയത്. രാത്രിയിലും അതിരാവിലെയുള്ള സമയങ്ങളിലും ജില്ലയിലൂടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത് ഇന്റലിജിന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധയില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നാണ് രഹസ്യമായി കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

പാലക്കാട് ജില്ലയില്‍ നാട്ടുകല്ല് സ്വദേശി ചൂളക്കല്‍ ചോല വീട്ടില്‍ മുഹമ്മദ് സാജര്‍, പാലക്കാട് ജില്ലയില്‍, പാലോട് സ്വദേശി കുന്നത്ത് വീട്ടില്‍ അബ്ദുല്‍ സലീം എന്നിവരെയാണ് വാഹനം തടഞ്ഞ് പിടികൂടിയത്. 15 ചാക്കുകളിലായി മാമ്പഴപ്പെട്ടികള്‍ക്ക് അടിയില്‍ ഒളിപ്പിച്ചു വച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. വിപണിയില്‍ ഉദ്ദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന താണ് ഈ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടിയതിനാലാണ് കടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.

SHARE