ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: താന്‍ സന്തുഷ്ടനാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്കുമാര്‍

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്കുമാറിനോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

‘ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ സര്‍ക്കാരാണ് എന്ന് ബിപ്ലവ് പറഞ്ഞു. ‘എന്റെ മുഖത്തേക്ക് നോക്കൂ, ഞാന്‍ സന്തോഷവാനാണ്, ത്രിപുരയിലെങ്ങും സന്തോഷം നിറഞ്ഞിരിക്കുകയാണ്’; അദ്ദേഹം പറഞ്ഞു.

അവയവങ്ങള്‍ തട്ടിയെടുക്കുന്നതിനായി കുട്ടികളെ മോഷ്ടിക്കുന്ന സംഘം സംസ്ഥാനത്ത് എത്തിയതായി വ്യാജ വാട്ട്‌സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം കഴിഞ്ഞ ആഴ്ചയാണ് ത്രിപുരയില്‍ നാലുപേരെ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം നിരപരാധികളാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നേരത്തേയും, ബിപ്ലവ് കുമാര്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷനും മഹാഭാരതകാലം മുതലേ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്ന് പൊതു ചടങ്ങില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.

SHARE