ചെന്നൈ: അണക്കെട്ടിലേക്ക് വീണ യുവാക്കളെ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്ത് ജീവതത്തിലേക്ക് തിരികെ എത്തിച്ച് സ്ത്രീകള്‍.തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് അവര്‍ക്ക് പിടിവള്ളിയായി എറിഞ്ഞു നല്‍കുകയായിരുന്നു. രണ്ടു പേര്‍ സാരിത്തുമ്പില്‍ പിടിച്ച് രക്ഷപ്പെട്ടു. രണ്ടു പേരെ രക്ഷിക്കാനായില്ല.
സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്തമഴ പെയ്യുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
ഓഗസ്റ്റ് ആറിനാണ് സംഭവം. സിരുവച്ചൂര്‍ ഗ്രാമത്തിലെ 12 യുവാക്കളാണ് ക്രിക്കറ്റ് കളിക്കാനായി കൊട്ടറൈ ഗ്രാമത്തിലെത്തിയത്. കളി കഴിഞ്ഞ ശേഷം ഇവര്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് യുവാക്കളെ സ്ത്രീകള്‍ കണ്ടത്. ഇവിടെ കുളിക്കാന്‍ പറ്റുമോ എന്നു ചോദിച്ച യുവാക്കളോട് അണക്കെട്ടിന് ആഴം കൂടുതലാണ് എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സെന്തമിഴ് സെല്‍വി പറയുന്നു.
ഉടന്‍ തന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സ് പിന്നീട് കണ്ടെടുത്തു. 17 കാരനായ പവിത്രന്‍ 25 വയസ്സുള്ള രഞ്ജിത് എന്നിവരാണ് മരിച്ചത്. കാര്‍ത്തിക്, സെന്തില്‍വന്‍ എന്നിവരാണ് രക്ഷപ്പെട്ടവര്‍.