വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതായ വലിയ ദുരന്തമായ സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്. ജനങ്ങളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കാനുള്ള നടപടികളാണ് ഒന്നാമത്തെ നിര്‍ദേശമായി അദ്ദേഹം മുന്നോട്ട് വെച്ചത്. സാമ്പത്തിക വെല്ലുവിളി അതിജീവിക്കാന്‍ ഇതിനായി വിവിധ മേഖലകളില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാലും അതിന് തയാറാകണമെന്നും ഡോക്ടര്‍ സിങ് പറഞ്ഞു. കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങള്‍ക്ക് നല്ലൊരു തുക നേരിട്ട് പണമായി നല്‍കി അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുകയും അത് വഴി പണം ചെലവഴിക്കുന്നതിനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണമെന്നതാണ് ഒന്നാമതായി സ്വീകരിക്കേണ്ടത്.

സാമ്പത്തിക രംഗത്തെ കാര്യക്ഷമതയില്ലായ്മയില്‍ പൊതുവേ പ്രതിസന്ധിയിലായിരുന്ന ഇന്ത്യയുടെ സാമ്പത്തികരംഗത്തെ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതാണ് കൊവിഡ് മഹാമാരിയെന്നതിനാല്‍തന്നെ രണ്ട് നിര്‍ദേശങ്ങള്‍ കൂടി അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്ക് മതിയായ മൂലധനം ലഭ്യമാക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നാമത്, സ്ഥാപനങ്ങളുടെ സ്വയംഭരണം ഉള്‍പ്പെടെയുള്ള പ്രക്രിയകളിലൂടെ സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്.

സാധാരണ ജനങ്ങള്‍ക്ക് പണം നേരിട്ട് നല്‍കുന്ന ഡയറക്ട് ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതിക്കും ബിസിനസുകള്‍ക്ക് കൂടുതല്‍ മൂലധനവും വായ്പാസൗകര്യവും നല്‍കുന്നതിനായി വായ്പ എടുക്കേണ്ടിവരുന്നത് അനിവാര്യമാകും. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഈ മൂന്ന് കാര്യങ്ങളും സുപ്രധാനമാണെന്ന് ഡോ. മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവല സംഖ്യകളേക്കാളും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയില്‍ കൂടി ഇതിനെ കാണേണ്ടതുണ്ടെന്നും മന്‍മോഹന്‍ പറഞ്ഞു. സൈനിക, ആരോഗ്യ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ വന്‍തുക വായ്പയെടുക്കേണ്ടത് അനിവാര്യമാണെന്നും കൊവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ ക്ഷീണം ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണെന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവേ പ്രതിസന്ധിയിലായിരുന്ന ഇന്ത്യയുടെ സാമ്പത്തികരംഗത്തേക്ക് വീശിയടിക്കുന്ന സുനാമിയാണ് കോവിഡെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംസാരിച്ച് നിരവിധി നിര്‍ദ്ദേശങ്ങളും രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിരുന്നു. ഇതിനിടെയാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങിന്റെയും ഇടപെടല്‍.