ഇസ്‌ലാമോഫോബിയ പോസ്റ്റുകള്‍; യു.എ.ഇയില്‍ മൂന്ന് ഇന്ത്യയ്ക്കാരെ കൂടി പരിച്ചുവിട്ടു- നിയമനടപടി

ദുബൈ: സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇസ്‌ലാം വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂന്ന് ഇന്ത്യക്കാരെ യു.എ.ഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇറ്റാലിയന്‍ റസ്റ്ററന്‍ഡില്‍ ഷെഫായ റാവത് രോഹിത്, സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോളി, ഒരു സ്ഥാപനത്തിലെ കാഷ്യര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമാനസംഭവങ്ങളില്‍ അടുത്തിടെ ഇത്തരത്തില്‍ പന്ത്രണ്ടോളം പേര്‍ക്കെതിരെയാണ് യു.എ.ഇ ഭരണകൂടം നടപടിയെടുത്തത്.

ദുബൈയില്‍ അസാദീ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ റെസ്റ്ററന്‍ഡ് ശൃംഖലയായ ഈറ്റലിയുടെ ഷെഫാണ് റാവത് രോഹിത്. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ആസാദീ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. ഷാര്‍ജ ആസ്ഥാനമായ ന്യൂമിക്‌സ് ഓട്ടോമോഷനിലെ ജോലിക്കാരനായിരുന്നു സച്ചിന്‍ കിന്നിഗോളി. ഇദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞുവച്ചതായും മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ ഇനി ജോലിക്ക് വരേണ്ടെന്നും അറിയിച്ചതായി കമ്പനിയുടമ അറിയിച്ചു. വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ മതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ ഒരു കരുണയുമുണ്ടാകില്ല- അദ്ദേഹം വ്യക്തമാക്കി.

വിശാല്‍ ഠാക്കൂര്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ നിരന്തരം ഇസ്‌ലാം വിരുദ്ധ പോസ്റ്റിട്ടയാളെയാണ് പുറത്താക്കിയത് എന്ന് ദുബൈ ആസ്ഥാനമായ ട്രാന്‍സ്ഗാഡ് ഗ്രൂപ്പ് അറിയിച്ചു. യു.എ.ഇ സൈബര്‍ നിയമപ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. നിലവില്‍ ഇദ്ദേഹം ദുബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്- ട്രാന്‍സ്ഗാഡ് വക്താവ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

കോവിഡ് മഹാമാരിയില്‍ പ്രത്യേക മതവിഭാഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയിലെ പ്രചാരണത്തിനെതിരെ നേരത്തെ അറബ് രാഷ്ട്ര നേതാക്കള്‍ രംഗത്തെത്തിയിരുന്നു.